കളക്ടര്‍മാരുടെ യോഗം വിളിച്ച അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിവാങ്ങാതെ കലക്ടര്‍മാരുടെ യോഗം വിളിച്ച തദ്ദേശസ്വയംഭരണ അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടാനും റിപ്പോര്‍ട്ട് നല്‍കാനും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ നിര്‍ദ്ദേശം നല്‍കി. ക്ലീന്‍കേരള കമ്പനി വഴി മാലിന്യ നിര്‍മ്മാര്‍ജ്ജന പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന്റെ സ്ഥലമെടുപ്പ് പുരോഗതി സംബന്ധിച്ച യോഗമാണ് തദ്ദേശ സ്വയംഭരണ അഡീ. ചീഫ് സെക്രട്ടറി ഓണ്‍ലൈനായി വിളിച്ച് കളക്ടര്‍മാര്‍ക്ക് കത്തയച്ചത്. ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഘട്ടത്തില്‍ തന്നെ പെരുമാറ്റചട്ടം സംബന്ധിച്ച പാലിക്കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വിശദമായി മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും സെക്രട്ടറിമാര്‍ക്കും വകുപ്പു മേധാവികള്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിരുന്നു.

ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാരായ കലക്ടര്‍മാര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയില്ലാതെ നിര്‍ദ്ദേശങ്ങള്‍ നല്‍കരുതെന്ന് നേരത്തേ അഡീ.ചീഫ് സെക്രട്ടറിമാര്‍ക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്കും മറ്റ് സെക്രട്ടറിമാര്‍ക്കും ചീഫ് സെക്രട്ടറി കത്ത് നല്‍കിയിരുന്നതായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. യോഗം വിളിക്കേണ്ടതോ നിര്‍ദ്ദേശം നല്‍കേണ്ടതോ ആയ അടിയന്തിര സാഹചര്യമുണ്ടെങ്കില്‍ അതിന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ അമുമതി വാങ്ങേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →