പാലക്കാട്: കരിമ്പനയോലകൾക്ക് തീപ്പിടിപ്പിക്കുന്ന പാലക്കാടൻ ചൂടിനേക്കാൾ ചൂടുണ്ട് തൃത്താലയിലെ തെരഞ്ഞെടുപ്പ് ചൂടിന്.ഇടതുകോട്ടയെന്ന് സിപിഎം വിശേഷിപ്പിച്ചിരുന്ന തൃത്താല കോണ്‍ഗ്രസിന്റെ യുവ നേതാവ് വി ടി ബല്‍റാം 2011-ല്‍ അട്ടിമറിച്ചതോടെയാണ് രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമായി തൃത്താല മണ്ഡലം മാറിയത്. മികച്ച ഭൂരിപക്ഷത്തിൽ 2016-ലും വി ടി ബല്‍റാം മണ്ഡലം നിലനിര്‍ത്തി.
ഇത്തവണ മുൻ എം പി യും സി പി എമ്മിന്റെ ശക്തനായ യുവ നേതാവുമായ എം ബി രാജേഷിനോടാണ് ബൽറാം മാറ്റുരയ്ക്കുന്നത്. രാജേഷിനെ അംഗത്തിനിറക്കുമ്പോൾ മണ്ഡലം തിരിച്ചുപിടിക്കുക എന്നതിൽ കവിഞ്ഞ് മറ്റൊന്നും ഇടതുമുന്നണി ഉദ്ദേശിക്കുന്നില്ല. സാമൂഹ്യ മാധ്യമങ്ങളിലൂടെയും അല്ലാതെയും പൊതുമണ്ഡലത്തിൽ സജീവമായി ഇടപെടുന്ന ബൽറാമിന്റെയും രാജേഷിന്റെയും പോരാട്ടം ഇരുപക്ഷത്തിനും അഭിമാന പ്രശ്‌നമാണ്. അവിടേക്കാണ് യുവമോർച്ച നേതാവ് സന്ദീപ് വാര്യർ എൻ ഡി യെ ക്യാമ്പിൽ നിന്നും എത്തുന്നത്.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടുനില യു ഡി എഫ് 66505 , എൽ ഡി എഫ് 55958 , എൻ ഡി എ 14510 എന്നിങ്ങനെയാണ്. 10547 വോട്ടിന്റെ ഭൂരിപക്ഷമാണ് ബൽറാമിന് ലഭിച്ചത്.
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ലീഡ് 2014 ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കുറയുകയാണ് ചെയ്തത്. അന്ന് 8404 ആയിരുന്നു ലീഡ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി ഏഴായിരത്തിലേറെ വോട്ട് വർദ്ധിപ്പിക്കുകയും ചെയ്തു.
എന്നാൽ 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ ഡി എഫിനായിരുന്നു 6178 വോട്ടിന്റെ ഭൂരിപക്ഷം. പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ ആനക്കര, ചാലിശ്ശേരി, കപ്പൂര്‍, നാഗലശ്ശേരി, പരതൂര്‍, പട്ടിത്തറ, തിരുമിറ്റക്കോട്, തൃത്താല എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്ന നിയമസഭാ മണ്ഡലമാണ് തൃത്താല. 1965 മുതല്‍ 1970 വരെയും 1980 മുതല്‍ 2006 വരെയും തൃത്താല നിയമസഭാ മണ്ഡലം പട്ടികജാതി സംവരണ മണ്ഡലമായിരുന്നു.

