ആലപ്പുഴ: ജില്ലയില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്ന സാഹചര്യത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ ശക്തമായ ശിക്ഷാ നടപടികളിലേക്ക് നീങ്ങാന്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ക്കും പോലീസിനും ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍ നിര്‍ദ്ദേശം നല്‍കി. അമ്പലങ്ങളും പള്ളികളും മറ്റ് ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചും സാമൂഹിക അകലം പാലിക്കപ്പെടുന്നില്ലെന്നും കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്നും റിപ്പോര്‍ട്ട് ലഭിക്കുന്ന സാഹചര്യത്തിലാണ് നടപടി. സെക്ടറല്‍ മജിസ്ട്രേറ്റ്മാര്‍ ഇതുവരെ 1,00,908 കേസുകളാണ് കോവിഡ് നിയമലംഘനവുമായി ബന്ധപ്പെട്ട് എടുത്തിട്ടുള്ളത്.
മാര്‍ച്ച് 16, 17 തിയതികളില്‍ യഥാക്രമം 2.6, 2.25 ശതമാനമായിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മാര്‍ച്ച് 18, 19 തിയതികളില്‍ യഥാക്രമം 3.6, 3.7 ശതമാനമാണ്. സാനിറ്റൈസര്‍ ഉപയോഗിക്കുക, അകലം പാലിക്കുക, സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുകുക തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടാല്‍ ശക്തമായ ശിക്ഷാ നടപടികളിലേക്ക് കടക്കണം. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് 500 രൂപയ്ക്ക് മുകളിലേക്ക് പിഴ ഈടാക്കാന്‍ കഴിയും. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും പകര്‍ച്ച വ്യാധി പ്രതിരോധ നിയന്ത്രണ ഓര്‍ഡിനന്‍സ് പ്രകാരവുമാണ് ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കുക.
കോവിഡ് നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നതിനും കണ്ടെത്തി നടപടിയെടുക്കുന്നതിനും 100 സെക്ടറല്‍ മജിസ്ട്രേട്ടുമാരെ ജില്ലയില്‍ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ പരിശോധന കര്‍ശനമാക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചു. ജില്ലയില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലുള്ള പഞ്ചായത്തുകളില്‍ 2 സെക്ടറല്‍ മജിസ്ട്രേറ്റുമാരെയും മറ്റ് പഞ്ചായത്തുകളില്‍ ഓരോ സെക്ടറല്‍ മജിസ്ട്രേറ്റ് മാരെയും ആലപ്പുഴ നഗരസഭയില്‍ 5 സെക്ടറല്‍ മജിസ്ട്രേറ്റ് മാരെയും ചേര്‍ത്തല, ഹരിപ്പാട് നഗരസഭകളില്‍ 3 വീതവും മറ്റ് നഗരസഭകളില്‍ 2വീതവും ബീച്ച്, ടൂറിസം മേഖലകളിലുള്‍പ്പടെയാണ് സെക്ടറല്‍ മജിസ്ട്രേറ്റ്മാരെ നിയമിച്ചിട്ടുള്ളത്.