കളളവോട്ടിന് ശ്രമമെന്ന ആരോപണം , വെട്ടിലായത് ചെന്നിത്തല

കാസര്‍കോട്: കാസര്‍കോട് ഉദുമ മണ്ടലത്തില്‍ കുമാരി എന്ന വോട്ടറുടെ പേര് ഒരേവിലാസത്തില്‍ അഞ്ചുതവണ ചേര്‍ക്ക‌പ്പെട്ടിരിക്കുകയാണെന്നും ഒരേഫോട്ടോയും വിലാസവുമാണ് ഉപയോഗിച്ചിരിക്കുന്നതെന്നും വെളിപ്പെടുത്തി രമേശ് ചെന്നിത്തല. കളളവോട്ടിനുളള ശ്രമമാണെന്നും യുഡിഎഫ് പ്രവര്‍ത്തകര്‍ രാപ്പകല്‍ ഇല്ലാതെ കഠിനാദ്ധ്വാനം ചെയ്താണ് ഈ തട്ടിപ്പ് കണ്ടുപിടിച്ചതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

എന്നാല്‍ തങ്ങള്‍ കോണ്‍ഗ്രസുകാരാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് വോട്ട് ചേര്‍ത്തതെന്നും കുമാരിയും കുടുംബവും പറഞ്ഞതോടെ രമേശ് ചെന്നിത്തല വെട്ടിലായി. കാര്യമറിയാതെയാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണമെന്നും കുമാരിയുടെ ഭര്‍ത്താവ് വ്യക്തമാക്കി. ലിസ്റ്റില്‍ പേര് വന്നിരിക്കുന്ന വിവരം തങ്ങള്‍ അറിഞ്ഞിട്ടില്ലെന്നും ഉദ്യോഗസ്ഥരുടെ തെറ്റുകൊണ്ടാണ് കൂടുതല്‍ തവണ പേര് വന്നതെന്നും അതിന് തങ്ങള്‍ ഉത്തരവാദിയല്ലെന്നും കുടുംബം ചൂണ്ടിക്കാട്ടി. തങ്ങള്‍ പരമ്പരാഗതമായി കോണ്‍ഗ്രസിന് വോട്ടുചെയ്യുന്നവാരാണെന്ന് കുമാരിയും ഭര്‍ത്താവ് രവീന്ദ്രനും മാധ്യമങ്ങളോട് പറഞ്ഞു.

തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികളാണ് കുമാരിയും കുടുംബവും. 13 വര്‍ഷമായി പെരിയയിലാണ് താമസം. പഞ്ചായത്തംഗമായ കോണ്‍ഗ്രസ് നേതാവ് ശശിയാണ് ഇവരുടെ പേര് വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാന്‍ സഹായം നല്‍കിയത്. ഒരു വോട്ടര്‍ ഐഡി മാത്രമാണ് അവര്‍ക്കുളളത്. തദ്ദേശ തെരഞ്ഞെടുപ്പിലും ഒരു തവണ മാത്രമേ അവര്‍ വോട്ട് ചെയ്തിട്ടുളളുവെന്നും ശശി പറയുന്നു. ചെന്നിത്തലയുടെ ആരോപണത്തില്‍ കോണ്‍ഗ്രസ് പ്രദേശിക നേതൃത്വം കൈമലര്‍ത്തുന്നു.

Share
അഭിപ്രായം എഴുതാം