വാഷിങ്ടണ്‍: ഇന്ത്യ-പസഫിക് മേഖലയില്‍ നിര്‍ണായകമായ രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡ്, ചൈനീസ് സമ്മര്‍ദ്ദതന്ത്രങ്ങള്‍ ചര്‍ച്ച ചെയ്തു.
ഇന്ത്യ, യു.എസ്, ഓസ്ട്രേലിയ, ജപ്പാന്‍ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ആദ്യയോഗത്തില്‍ ചൈന ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്തത്. തെക്കന്‍, കിഴക്കന്‍ ചൈനാ കടലില്‍ സഞ്ചാരസ്വാതന്ത്ര്യവും ചൈനീസ് സമ്മര്‍ദത്തില്‍നിന്നുള്ള മുക്തിയും ഉത്തരകൊറിയയുടെ ആണവവിഷയവും മ്യാന്‍മറിലെ അട്ടിമറിയും അതിക്രമവുമടക്കമുള്ള കാര്യങ്ങളും വെര്‍ച്വല്‍ ഉച്ചകോടിയില്‍ ചര്‍ച്ചയായി.
ചൈനയെക്കുറിച്ച് ഒരു മിഥ്യാധാരണയും ക്വാഡ് രാജ്യങ്ങള്‍ക്കില്ലെന്ന് യു.എസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ സമ്മേളനശേഷം മാധ്യമങ്ങളോടു പറഞ്ഞു. എല്ലാ സമകാലിക സംഭവവികാസങ്ങളും ചര്‍ച്ചയ്ക്കു വിഷയങ്ങളായെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് ശ്രിം യും വ്യക്തമാക്കി.ഓണ്‍െലെനായി നടന്ന ആദ്യസമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, യു.എസ്. പ്രസിഡന്റ് ജോ െബെഡന്‍, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിദെ സുഗ എന്നിവരാണ് പങ്കെടുത്തത്.ചൈനീസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവും കമ്യൂണിസ്റ്റ് പാര്‍ട്ടി പൊളിറ്റ്ബ്യൂറോ അംഗവുമായ യാങ് ജെയ്ച്ചി, സ്റ്റേറ്റ് കൗണ്‍സിലറും വിദേശകാര്യമന്ത്രിയുമായ വാങ് യി എന്നിവരുമായി ജേക്ക് സള്ളിവന്‍ വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കണുമൊപ്പം 18,19 തീയതികളില്‍ അലാസ്‌കയില്‍ കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്. തന്ത്രപ്രധാനമായ തലത്തില്‍ അമേരിക്കന്‍ ഭരണകൂടം എങ്ങനെയാണ് ഇടപെടുക എന്ന് ചൈനീസ് സര്‍ക്കാരിനു കൃത്യമായ സന്ദേശം നല്‍കാനുള്ള തങ്ങളുടെ ശ്രമമാണിതെന്നു സള്ളിവന്‍ വ്യക്തമാക്കി. ചര്‍ച്ചയില്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്സിന്‍ വിതരണത്തിലൂന്നിയാണു സംസാരിച്ചത്.

