തിരുവനന്തപുരം: യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ നടന്ന സംഭവങ്ങളില്‍ എല്ലാവര്ക്കും ദുഖമുണ്ടെന്ന കടകംപള്ളിയുടെ പ്രസ്താവന ഭക്തജനങ്ങളെ കബളിപ്പിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല. ശബരിമലയുമായി ബന്ധപ്പെട്ട നിലപാട് തെറ്റായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പരസ്യമായി പറയുമോയെന്നും ചെന്നിത്തല ചോദിച്ചു.
കടകംപള്ളി സുരേന്ദ്രന് മാത്രം ഖേദം പ്രകടിപ്പിക്കുന്നതില്‍ കാര്യമില്ലെന്ന് ചെന്നിത്തല പറഞ്ഞു. ശബരിമല വിഷയത്തില്‍ സ്വീകരിച്ച നിലപാട് തെറ്റാണെന്ന് സിപിഐഎം സമ്മതിച്ചിട്ടുപോലും ഒന്നും തിരുത്തിപ്പറയാന്‍ മുഖ്യമന്ത്രി തയ്യാറായിരുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. നിലപാട് തെറ്റാണെന്ന് മുമ്പൊന്നും സമ്മിതിക്കാതിരുന്ന പിണറായി തെറ്റ് ഏറ്റുപറഞ്ഞ് ഭക്തജനങ്ങളോട് മാപ്പുപറയുകയാണ് വേണ്ടതെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

