അന്താരാഷ്ട്ര വനിതാ ദിനാചരണം: കോവിഡ് മുന്നണിപ്പോരാളികളായ ജില്ലയിലെ വനിതാ ഉദ്യോഗസ്ഥര്‍ക്ക് ആദരം

ആലപ്പുഴ: കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ജില്ലയിലെ വനിതാ ഉദ്യോഗസ്ഥര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് സബ് കളക്ടര്‍ എസ്. ഇലക്യ പറഞ്ഞു. അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് ജില്ല വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു സബ് കളക്ടര്‍. പല വകുപ്പുകളുടെയും മേധാവികളായിരുന്നത് വനിതാ ഉദ്യോഗസ്ഥരായിരുന്നു. സ്ത്രീയ്ക്കും പുരുഷനും സമൂഹത്തില്‍ തുല്യ അവകാശമാണുള്ളത്. രാഷ്ട്രീയത്തിലും വനിതകള്‍ തങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും എല്ലാവരും തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യണമെന്നും സബ് കളക്ടര്‍ പറഞ്ഞു. ആരോഗ്യ മേഖലയില്‍ നഴ്‌സമുരാടക്കമുള്ള ജോലികളില്‍ വനിതകളാണ് കൂടുതലായുള്ളത്. ഇവരുടെ കൃത്യമായ ഇടപെടലുകള്‍ ജില്ലയില്‍ കോവിഡിന്റെ വ്യാപന തോത് കുറയ്ക്കാന്‍ സഹായിച്ചു.

ഡി.എല്‍.എസ്.എ. സബ് ജഡ്ജ് കെ. ജി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിതകുമാരി, ജില്ലാ സപ്ലൈ ഓഫീസര്‍ എം. എസ്. ബീന, സെന്റ് ജോസഫ്സ് കോളേജ് റിട്ട. പ്രൊഫസര്‍ ഡോ. ആനി തോമസ് എന്നിവരെ സബ് കളക്ടര്‍ പൊന്നാട അണിയിച്ച് ആദരിച്ചു. ‘കോവിഡ് 19  മഹാമാരിയുടെ പശ്ചാത്തലത്തില്‍ തുല്യ ഭാവി കൈവരിക്കാന്‍ സ്ത്രീ നേതൃത്വം’ എന്ന വിഷയത്തില്‍ സെമിനാറും പാനല്‍ ചര്‍ച്ചയും നടത്തി. ആലപ്പുഴ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ. സൈറു ഫിലിപ്പ്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ റ്റി.വി. മിനിമോള്‍, വനിതാ സംരക്ഷണ ഓഫീസര്‍ ആര്‍. സൗമ്യ, ഐ.സി.ഡി.എസ്. സെല്‍ ജില്ലാ പ്രോഗ്രം ഓഫീസര്‍ വി. ലേഖ, ശിശു വികസന പദ്ധതി ഓഫീസര്‍ പി.വി. ഷേര്‍ലി, ജില്ലാ മാസ് മീഡിയ ഓഫീസര്‍ പി.എസ്. സുജ, അമ്പലപ്പുഴ ശിശു വികസന പദ്ധതി ഓഫീസര്‍ കെ. രേഖ എന്നിവര്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം