മറയൂര്‍: അച്ചനും ബന്ധുക്കളും ചേര്‍ന്ന് അമ്മയെ കൊല്ലാനായി ഗൂഡാലോചന നടത്തിയെന്ന് മകന്‍ അഭിലാഷ്. കഴിഞ്ഞ 5/03/21 വെളളിയാഴ്ചയാണ് സരിതയെ ഭര്‍ത്താവ് സുരേഷ് വെട്ടിക്കൊലപ്പെടുത്തുന്നത്. കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് 6 മാസമായി സരിത മകന്‍ അഭിലാഷ്(11)നൊപ്പം പത്തടിപാലത്ത അമ്മയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. വീടിന്റെ പിന്‍ഭാഗത്തുകൂടി അകത്തുകടന്ന സുരേഷ് കത്തികൊണ്ട് സരിതയെ തുടരെ വെട്ടുകയായിരുന്നു. കരച്ചില്‍ കേട്ട് അയല്‍വാസികള്‍ എത്തിയതോടെ സുരേഷ് ഓടി രക്ഷപെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പോലീസ് മറയൂരില്‍ നിന്നാണ് സുഷിനെ അറസ്റ്റ് ചെയ്തത്.
അച്ഛനും കുടുംബത്തിലെ ചിലരും ചേര്‍ന്ന് അമ്മയെ കൊല്ലുമെന്ന് തന്റെ മുമ്പില്‍ വച്ച് ഭീഷണിപ്പെടുത്തിയെന്നാണ് അഭിലാഷ് പറയുന്നത്. ഈ മാസം ഒന്നിന് സരിത താമസിക്കുന്ന വീട്ടിലെത്തിയ സുരേഷിന്റെ ബന്ധുക്കള്‍ അഭിലാഷിന് ഫോണ്‍ വാങ്ങിത്തരാമെന്ന് പറഞ്ഞ് മൂന്നാറിലേക്ക കൂട്ടി കൊണ്ടുപോയി . ഈ സമയത്താണ് ബന്ധുക്കളില്‍ ചിലരും സുരേഷും ചേര്‍ന്ന് സരിതയെ കൊലപ്പെടുത്താനുളള ആസൂത്രണം നടത്തിയതായി അറിയുന്നത് . സരിതയെ എത്രയും വേഗം കൊല്ലണമെന്നും 90 ദിവസത്തിനുളളില്‍ ജയിലില്‍ നിന്ന് പുറത്തെത്തിക്കാമെന്നും സുരേഷിനോട് ബന്ധുക്കള്‍ പറഞ്ഞതായും അഭിലാഷ് പറഞ്ഞു.