കൊച്ചി : പാലാരിവട്ടം മേൽപ്പാലം കേവലം ഒരു തെറ്റുതിരുത്തലായിരുന്നില്ല, അത് ഒരു ചരിത്രരചനയായിരുന്നു. കേരളത്തിന്റെ പൊതുഗതാഗത രംഗത്തെ നിർമാണങ്ങളിൽ പാലാരിവട്ടം പുതു ചരിത്രമാണ് എഴുതിച്ചേർത്തത്.
നാടിനാകെ നാണക്കേടായ ഒരു നിർമാണം പൊളിച്ചു മാറ്റി 270 ദിവസം കൊണ്ട് പൂർത്തിയാക്കേണ്ട പുനർനിർമാണം 160 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. മേൽനോട്ടം വഹിച്ച ഡി എം ആർ സി യും കരാറെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റേഴ്സ് സൊസൈറ്റിയും സർക്കാരും കൈകോർത്തപ്പോൾ പരാതികൾക്കിടവരുത്താതെ മേൽപാലം തയ്യാർ.
കരാറുകാർക്ക് കൃത്യസമയത്ത് പണം നൽകണമെന്ന കാര്യത്തിൽ ഡി എം ആർ സി യും ഇ ശ്രീധരനും വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തപ്പോൾ, കരാറുകാരായ ഊരാളുങ്കൽ സൊസൈറ്റി പറഞ്ഞതിലും വേഗത്തിൽ പണികൾ തീർത്തു.
നിരവധി നിർമാണങ്ങൾ കണ്ട കൊച്ചിക്കാർക്കെല്ലാം പാലാരിവട്ടം മേൽപ്പാലത്തിന്റെ പുനർനിർമാണത്തെ കുറിച്ച് പറയാനുള്ളത് നല്ലതു മാത്രം. പഴയപാലവും പുനർനിർമാണത്തിലേക്കുള്ള കാലതാമസവും നിയമയുദ്ധവും ഏറെ ക്ലേശങ്ങൾ പ്രദേശവാസികൾക്കും യാത്രക്കാർക്കും സൃഷ്ടിച്ചുവെങ്കിലും ഒടുവിൽ എല്ലാം ശുഭകരമായി പര്യവസാനിക്കുന്നു.