തർക്കം തീർന്നു, തമിഴ്‌നാട്ടില്‍ കോൺഗ്രസ് – ഡി.എം.കെ സീറ്റ് ധാരണ, 25 സീറ്റിൽ കോൺഗ്രസ്

ചെന്നൈ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ഡി.എം.കെയും കോണ്‍ഗ്രസും സീറ്റ് പങ്കിടുന്ന കാര്യത്തില്‍ ധാരണയിലെത്തി. കോണ്‍ഗ്രസ് 25 സീറ്റില്‍ മത്സരിക്കാനാണ് ധാരണയായിരിക്കുന്നത്. കന്യാകുമാരി ലോക് സഭാ ഉപതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് മത്സരിക്കും. ഞായറാഴ്ച(07/03/21)ഡി.എം.കെയുമായി കോൺഗ്രസ് ധാരണാ പത്രത്തില്‍ ഒപ്പുവെച്ചു.

40 സീറ്റായിരുന്നു കോണ്‍ഗ്രസ് ഡി.എം.കെയോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് ഡി.എം.കെ നിഷേധിക്കുകയായിരുന്നു. ഉമ്മന്‍ചാണ്ടിയും വീരപ്പമൊയ്ലിയും പങ്കെടുത്ത ചര്‍ച്ചയില്‍ 20 സീറ്റായിരുന്നു കോണ്‍ഗ്രസിന് നല്‍കുമെന്ന് ഡി.എം.കെ അറിയിച്ചിരുന്നത്.

അതേസമയം തമിഴ്നാട്ടില്‍ 20 സീറ്റുകളിലാണ് ബി.ജെ.പി മത്സരിക്കുക. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കന്യാകുമാരി ലോക്സഭാ സീറ്റിലും ബി.ജെ.പി മത്സരിക്കും. ഇത് സംബന്ധിച്ച് അണ്ണാ ഡി.എം.കെയും ബി.ജെ.പിയും തീരുമാനമായി.

ഒരാഴ്ചക്കാലത്തോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇരുപാര്‍ട്ടികളും ധാരണയിലെത്തിയത്. ഏതൊക്കെ മണ്ഡലങ്ങളിലാണ് ബി.ജെ.പി മത്സരിക്കുകയെന്ന് പിന്നീട് അറിയിക്കും.234 നിയമസഭാ സീറ്റുകളിലേക്ക് ഏപ്രില്‍ 6നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →