ന്യൂഡല്‍ഹി: ഇന്ത്യയിലെ വൈദ്യുതി വിതരണസംവിധാനങ്ങള്‍ തകര്‍ക്കാന്‍ ചൈന ശ്രമിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഒക്ടോബറില്‍ മുംബൈയിലുണ്ടായ വന്‍ വൈദ്യുതിത്തകരാറിനു പിന്നില്‍ റെഡ്എക്കോ എന്ന ചൈനീസ് ഗ്രൂപ്പിനു പങ്കുണ്ടെന്ന സംശയം ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ പ്രധാന ഊര്‍ജോത്പാദനകേന്ദ്രങ്ങളില്‍ റെഡ്എക്കോ കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ തകരാറിലാക്കുന്ന മാല്‍വേറുകള്‍ സ്ഥാപിച്ചിട്ടുണ്ടാകാമെന്നു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ സംവിധാനങ്ങളിലെ ചൈനീസ് മാല്‍വേര്‍ സാന്നിധ്യം കണ്ടെത്തിയത് ഓണ്‍ലൈന്‍ ഡിജിറ്റല്‍ ഭീഷണികള്‍ വിലയിരുത്തുന്ന റെക്കോഡ് ഫ്യൂച്ചര്‍ എന്ന യു.എസ്. സ്ഥാപനമാണ്. സ്ഥാപിക്കപ്പെട്ട മാല്‍വേറുകളില്‍ പലതും ഇതുവരെ പ്രവര്‍ത്തനമാരംഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ഇന്ത്യയിലെ പ്രധാനപ്പെട്ട 10 ഊര്‍ജമേഖലാസ്ഥാപനങ്ങളും രണ്ട് തുറമുഖങ്ങളുമാണ് ഇവരുടെ ലക്ഷ്യമെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ഊര്‍ജമേഖലയിലെ 12 സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കപ്പെട്ട 21 ഐ.പി. വിലാസങ്ങളും ഗുരുതരഭീഷണി നേരിടുന്നതായി റെക്കോഡഡ് ഫ്യൂച്ചര്‍ ചൂണ്ടിക്കാട്ടുന്നു. കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ -ചൈന സേനകള്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ കഴിഞ്ഞ ഒക്ടോബര്‍ 12 നു രാവിലെയാണു മുംബൈയില്‍ വൈദ്യുതി മുടങ്ങിയത്. അഞ്ചു മണിക്കൂറിനുശേഷമാണു പുനഃസ്ഥാപിക്കാനായത്.
ഇന്ത്യന്‍ വൈദ്യുതി ശൃംഖല തകര്‍ക്കാന്‍ ചൈനിസ് ശ്രമം
