ന്യൂഡൽഹി: രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നതില്‍ നിന്നും പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിസിനസ് നടത്തുന്നതില്‍ സര്‍ക്കാര്‍ ഇടപെടേണ്ടതില്ലെന്നും സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം സര്‍ക്കാരിലായിരിക്കുന്നതിന്റെ ആവശ്യമില്ലെന്നും പ്രധാനമന്ത്രി24/02/21 ബുധനാഴ്ച പറഞ്ഞു. ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് പബ്ലിക് അസ്സെറ്റ് മാനേജ്‌മെന്റ് സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
‘ സംരഭകത്തെയും ബിസിനിസിനെയും പിന്തുണയ്‌ക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. പക്ഷെ സംരംഭങ്ങള്‍ നടത്തലും ഉടമസ്ഥാവകാശവും സര്‍ക്കാരിലായിരിക്കുന്നത് അത്യാവശ്യമല്ല. പൊതു മേഖല സ്ഥാപനങ്ങള്‍ തുടങ്ങിയത് മറ്റൊരു കാലഘട്ടത്തിലായിരുന്നു. അന്നതിന്റെ ആവശ്യങ്ങളും വ്യത്യസ്തമായിരുന്നു,’ മോദി പറഞ്ഞു.
നാല് തന്ത്ര പ്രധാന മേഖലകളിലൊഴികെ സ്വകാര്യ വല്‍ക്കരണം പൂര്‍ണമായും നടപ്പാക്കുന്നതില്‍ നിന്ന് പിന്നോട്ടില്ല. തന്ത്ര പ്രധാന മേഖലകളില്‍ പോലും വളരെ കുറച്ച പൊതു മേഖലാ സ്ഥാപനം മതിയെന്നാണ് സര്‍ക്കാര്‍ നയമെന്നും മോദി പറഞ്ഞു.
‘ ഇത്രയും വര്‍ഷം പ്രവര്‍ത്തിച്ചതു കൊണ്ട് മാത്രം പൊതുമേഖലാ സ്ഥാപനങ്ങളുമായി തുടരാന്‍ നമുക്കാവില്ല. സമൂഹത്തിന്റെ ക്ഷേമത്തിലും ജനങ്ങളുമായി ബന്ധപ്പെട്ട നയങ്ങളിലുമായിരിക്കണം സര്‍ക്കാരിന്റെ ശ്രദ്ധ. പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് വേണ്ടി മാത്രം നമ്മുടെ ഉദ്യോഗസ്ഥരുടെ കഴിവുകള്‍ ദുരുപയോഗം ചെയ്യുന്നതായി തോന്നുന്നു,’ മോദി പറഞ്ഞു.

