10 വർഷം റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയാലും 583 റാങ്കുള്ള സഹോദരിക്ക് ജോലി കിട്ടുമോ എന്ന് മന്ത്രി കടകംപളളി പരിഹസിച്ചു , ആരോപണവുമായി ലയ രാജേഷ്, താൻ ചോദിച്ചിട്ടുണ്ടെന്ന് മന്ത്രി

തിരുവനന്തപുരം: ആവശ്യങ്ങള്‍ നേരില്‍ക്കണ്ട് ബോധ്യപ്പെടുത്താന്‍ കടകംപള്ളി സുരേന്ദ്രന്റെ വസതിയിലെത്തിയപ്പോള്‍ മന്ത്രി തങ്ങളെ പരിഹസിച്ച് പറഞ്ഞയച്ചെന്ന പരാതിയുമായി റാങ്ക് ഹോള്‍ഡേഴ്‌സ്. മന്ത്രിയെ കാണാനെത്തിയ ലയ രാജേഷ് ഉള്‍പ്പെടെയുള്ളവരോട് അദ്ദേഹം റാങ്ക് ചോദിച്ചെന്നും തുടര്‍ന്ന് പരിഹസിച്ചെന്നുമാണ് പരാതി. തന്റെ റാങ്ക് 583 ആണെന്ന് പറഞ്ഞ ലയ രാജേഷിനോട് സഹോദരി, പത്ത് വര്‍ഷം റാങ്ക് ലിസ്റ്റ് നീട്ടിയാലും നിങ്ങള്‍ക്ക് നിയമനം ലഭിക്കില്ലല്ലോ, പിന്നെന്തിനാണ് സര്‍ക്കാരിനെ നാണം കെടുത്തുന്നതെന്ന് മന്ത്രി ചോദിച്ചെന്ന് റാങ്ക് ഹോള്‍ഡേഴ്‌സ് പറയുന്നു. മന്ത്രിയുടെ പ്രതികരണം തങ്ങളെ ഞെട്ടിച്ചുവെന്നും റാങ്ക് ഹോള്‍ഡേഴ്‌സ് കൂട്ടിച്ചേര്‍ത്തു.

മുന്‍കൂട്ടി അനുവാദം വാങ്ങാതെ വെളുപ്പിന് മന്ത്രിയുടെ തിരുവനന്തപുരത്തെ വസതിയിലെത്തിയാണ് ഉദ്യോഗാര്‍ഥികള്‍ കടകംപള്ളി സുരേന്ദ്രനുമായി കൂടിക്കാഴ്ച്ച നടത്തിയത്. മന്ത്രിയുടെ പേര് പറയാതെയാണ് ഉദ്യോഗാര്‍ഥികള്‍ പരാതി ഉന്നയിച്ചതെങ്കിലും പിന്നീട് കടകംപള്ളി സുരേന്ദ്രന്‍ മാധ്യമങ്ങള്‍ക്കു മുന്നിലെത്തി സംഭവം വിശദീകരിക്കുകയായിരുന്നു. 583 റാങ്കുകാരിയ്ക്ക് 10 വര്‍ഷം കഴിഞ്ഞാലും ജോലി കിട്ടുമോ എന്ന് താന്‍ ചോദിച്ചത് തന്നെയാണെന്ന് കടകംപള്ളി സ്ഥിരീകരിച്ചു. എന്നാല്‍ തന്റെ റാങ്ക് അത്ര മോശമാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നായിരുന്നു ലയ രാജേഷിന്റെ പ്രതികരണം.

തന്നോട് അനുവാദം വാങ്ങിയിട്ടല്ല ഉദ്യോഗാര്‍ഥികള്‍ തന്നെ വന്ന് കണ്ടതെന്ന് കടകംപള്ളി സുരേന്ദ്രന്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ പറഞ്ഞു. പിഎസ്‌സി റാങ്ക് ലിസ്റ്റിനെക്കുറിച്ച് തനിക്കുള്ള ധാരണയാണ് പറഞ്ഞതെന്ന് കടകംപള്ളി പറഞ്ഞു. നല്ല ഒരു സര്‍ക്കാരിനെ പ്രതിപക്ഷത്തിന്റെ കളിപ്പാവയായി നിന്ന് മോശമായി ചിത്രീകരിച്ചതിന്റെ കുറ്റബോധം മാത്രമാണ് ഉദ്യോഗാര്‍ഥികള്‍ക്കെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു. പക്ഷേ ഉദ്യോഗാര്‍ഥികളോട് താന്‍ മോശമായി പെരുമാറിയെന്നത് വാസ്തവവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →