തിരുവനന്തപുരം: ആഴക്കടൽ മൽസ്യ ബന്ധനവുമായി ബന്ധപ്പെട്ട് ഫിഷറീസ് മന്ത്രിയുടെയും ഭരണപക്ഷത്തിന്റെയും അവകാശവാദങ്ങൾ പൊള്ളയാണെന്ന് തെളിയുന്നു. അമേരിക്കൻ കമ്പനിയായ ഇ എം സി സി ഗ്ലോബൽ കൺസോർഷ്യത്തിന്റെ ഇന്ത്യൻ പതിപ്പായ ഇ എം സി സി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനു വേണ്ടി പ്രസിഡന്റായ ഷിജു എം വർഗീസ് വ്യവസായ മന്ത്രി ഇ പി ജയരാജനയച്ച കത്തിൽ ആഴക്കടൽ മൽസ്യബന്ധനത്തിനായി സർക്കാരും കമ്പനിയും ധാരണാ പത്രത്തിൽ ഒപ്പിട്ടതായും 2018 ൽ ന്യുയോർക്കിൽ വച്ച് കമ്പനി പ്രതിനിധികൾ മന്ത്രി മേഴ്സിക്കുട്ടിയമ്മയുമായി ചർച്ച നടത്തിയതായും വ്യക്തം. 2021 ഫെബ്രുവരി 11 നാണ് കത്തയച്ചിരിക്കുന്നത്.
2020 ലെ കേരള – ആഗോള നിക്ഷേപക സംഗമത്തിൽ വച്ചാണ് ഇ എം സി സി യും സംസ്ഥാന സർക്കാരിന്റെ കെ എസ് ഐ എൻ സി (കേരള ഷിപ്പിംഗ് ആന്റ് ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷൻ) യും ധാരണാ പത്രം ഒപ്പിടുന്നത്. 400 ആഴക്കടൽ മൽസ്യബന്ധന യാനങ്ങൾക്കും 5 വലിയ ആഴക്കടൽ മദർ ഷിപ്പുകൾക്കും 7 ഹാർബറുകൾക്കും കേരളത്തിന്റെ കടൽഭാഗത്ത് മൽസ്യ ബന്ധനം നടത്തുന്നതിനുള്ള വിപുലമായ പദ്ധതിയുടെ ധാരണാപത്രമാണിത്. 5000 കോടി രൂപയുടെ ഈ പദ്ധതിയ്ക്ക് മന്ത്രിസഭയുടെ അംഗീകാരമാവശ്യപ്പെട്ടു കൊണ്ടാണ് കമ്പനിയുടെ കത്ത്.
2018 ൽ ന്യുയോർക്കിൽ നടന്ന ചർച്ചയിൽ വച്ച് പദ്ധതിയുമായി കേരളത്തിലേക്ക് വരാൻ മേഴ്സിക്കുട്ടിയമ്മ തങ്ങളെ സ്വാഗതം ചെയ്തതായി കത്തിലുണ്ട്. 2018 ലെ ഫിഷറീസ് പോളിസി /ക്ലോസ് 2.9 പ്രകാരമാണ് ആഴക്കടൽ മൽസ്യബന്ധനം പ്രോത്സാഹിപ്പിക്കാനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോകുന്നത്. ആശങ്കാ ജനകമായ വിധത്തിൽ കേരളത്തിന്റെ തീരക്കടലിൽ മത്സ്യസമ്പത്ത് ശുഷ്കമായി വരുന്ന സാഹചര്യത്തിലും ആഴക്കടൽ ‘അരിച്ച് ‘ മൽസ്യ ബന്ധനം നടത്താൻ സംസ്ഥാന സർക്കാർ ആലോചന നടത്തി എന്നത് അതീവ ഗുരുതരമായ പ്രശ്നമാണ്. 400 യാനങ്ങളും 5 മദർ ഷിപ്പുകളും കടലിൽ ഇറങ്ങുന്നതോടെ കേരളത്തിലെ പരമ്പരാഗത മത്സ്യബന്ധനത്തിന്റെ അന്ത്യം കുറിക്കും. ആഴക്കടലിന്റെ ആവാസവ്യവസ്ഥയും ഇതോടെ തകർക്കപ്പെടും.

