‘സമനില തെറ്റിയത് ആർക്കാണെന്ന് തെളിയും , കൂടുതൽ രേഖകൾ പുറത്തു വിടും’ മേഴ്സിക്കുട്ടിയമ്മയ്ക്ക് മറുപടിയുമായി ചെന്നിത്തല

കൊല്ലം: അമേരിക്കന്‍ കമ്പനിയ്ക്ക് കേരളതീരത്ത് മത്സ്യബന്ധനത്തിന് അനുമതി നല്‍കിയെന്ന ആരോപണത്തിന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ മറുപടി പറഞ്ഞതിന് തൊട്ടുപിന്നാലെ വെല്ലുവിളിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇനിയും ഒളിച്ചുകളിച്ചാല്‍ അമേരിക്കന്‍ കമ്പനിയുമായുണ്ടാക്കിയ കരാറിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നായിരുന്നു മന്ത്രിയുടെ പേരെടുത്ത് പറഞ്ഞ് ചെന്നിത്തലയുടെ വെല്ലുവിളി. മന്ത്രി ഇപി ജയരാജനും അഴിമതിയില്‍ പങ്കുണ്ടെന്നും ചെന്നിത്തല ആരോപിച്ചു. വ്യാഴാഴ്ച(19/02/21) ഉച്ചയോടെ കൊല്ലത്ത് ഐശ്വര്യ കേരള യാത്രയുടെ വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോടികളുടെ അഴിമതി നടത്താനാണ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ ചെയര്‍മാനായി ടോം ജോസിനെ നിയമിച്ചതെന്നും ചെന്നിത്തല പറഞ്ഞു. ചെന്നിത്തലയ്ക്ക് മനോനില തെറ്റിയെന്ന മേഴ്‌സിക്കുട്ടിയമ്മയുടെ പരിഹാസത്തിനുനേരെയും ചെന്നിത്തല ആഞ്ഞടിച്ചു. ആരുടെ മനോനിലയാണ് തെറ്റിയതെന്ന് കുണ്ടറക്കാര്‍ക്ക് അറിയാമെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

അമേരിക്കയിലെ ഒരു വന്‍കിട കുത്തക കമ്പനിയ്ക്ക് കേരളതീരത്ത് മത്സ്യബന്ധനം നടത്താന്‍ അനുമതി നല്‍കിയെന്നാണ് ചെന്നിത്തല വ്യാഴാഴ്ച രാവിലെ വാർത്താ സമ്മേളനത്തിൽ ആരോപിച്ചത്. ഇതിന് തൊട്ടുപിന്നാലെ എല്ലാ ആരോപണങ്ങളേയും നിഷേധിച്ചുകൊണ്ട് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ രംഗത്തെത്തുകയായിരുന്നു. പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ തികച്ചും അസംബന്ധമാണെന്നും മന്ത്രി ഉറപ്പിച്ചുപറഞ്ഞു. ചെന്നിത്തലയുടെ മാനസിക നില തെറ്റിയിരിക്കുകയാണെന്നും എന്തെങ്കിലും വിളിച്ചുപറയല്‍ സ്ഥിരം സ്വഭാവമായി മാറിയെന്നും മേഴ്‌സിക്കുട്ടിയമ്മ തുറന്നടിച്ചു. എന്തെങ്കിലും ബോംബ് പൊട്ടിച്ചുകൊണ്ട് നടക്കണമെന്നുള്ള അത്യാര്‍ത്തി ഇത് ചെയ്യുന്നതെന്നായിരുന്നു മന്ത്രിയുടെ പരിഹാസം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →