കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ ഒന്നാംപ്രതി ജോളിയുടെ സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ അനുവദിക്കണമെന്ന അഡ്വ. ആളൂരിന്‍റെ അപേക്ഷ കോടതി തളളി. കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ &സെഷന്‍സ് കോടതിയാണ് അപേക്ഷ തളളിയത്. ജോളി പലര്‍ക്കും വായ്പ നല്‍കിയിരുന്ന പണം തിരികെ ലഭിക്കാനുണ്ടെന്നും ജയിലിലായതിനാല്‍ ഇടപാടുകള്‍ നടത്താന്‍ കഴിയുന്നില്ലെന്നും അതുകൊണ്ട് സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ അനുവദിക്കണമെന്നും ആയിരുന്നു അപേക്ഷ.
അഭിഭാഷക വൃത്തിക്കും നിയമത്തിനും വിരുദ്ധമായ അപേക്ഷയാണിതെന്നും സാക്ഷികളെ ഭീഷണിപ്പെടുത്താന്‍ ഉപയോഗിക്കുമെന്നുമുളള പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചായിരുന്നു അപേക്ഷ തളളിയത്. ഇത്തരം അപേക്ഷകള്‍ അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ കോടതി ജയിലില്‍ ജോളിയെ സന്ദര്‍ശിച്ച് സംസാരിക്കാന്‍ അഭിഭാഷകന് അനുമതി നല്‍കി.
സിലി വധക്കേസില്‍ ജോളി നല്‍കിയ വിടുതല്‍ ഹര്‍ജിയില്‍ കോടതി വാദം കേട്ടു. ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്‍റെ രഹസ്യമൊഴി തെളിവായി എടുക്കരുതെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. ആറ് കേസുകളിലും പ്രത്യേകം പ്രത്യേകം രഹസ്യമൊഴി രേഖപ്പെടുത്തണമെന്നും ആളൂര്‍ വാദിച്ചു. ഷാജുവിനെ സ്വന്തമാക്കാനാണ് ജോളി ഷാജുവിന്‍റെ ആദ്യഭാര്യ സിലിയെ കൊന്നതെന്ന കാര്യം ഷാജുവിന്‍റെ രഹസ്യമൊഴിയില്‍ ഉണ്ടെന്നും രഹസ്യമൊഴി കയ്യില്‍പിടിച്ച് പ്രതിഭാഗം വക്കീല്‍ കളളം വിളിച്ചുപറയുകയാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.
ജോളി, രണ്ടാംപ്രതി എംഎസ് മാത്യു, മൂന്നാം പ്രതി പ്രജകുമാര്‍ എന്നിവരുടെ കയ്യില്‍ നിന്ന് വിഷം വാങ്ങിയതിന് തെളിവില്ലെന്നും പ്രതിഭാഗം വാദിച്ചു. കൂടത്തായി പരമ്പരയിലെ എല്ലാകേസുകളും അടുത്തമാസം 10ന് കോടതി പരിഗണിക്കും.

