ന്യൂഡല്‍ഹി: ചന്ദ്രന്‍ കഴിഞ്ഞാല്‍ ഏറ്റവും തിളക്കമുള്ള ആകാശവസ്തുവാണ് ശുക്രന്‍. 450 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ കൊടും ചൂട് കാണപ്പെടുന്ന ഗ്രഹം, പോരാത്തതിന് സള്‍ഫ്യൂരിക്ക് ആസിഡ് അടങ്ങിയ മേഘങ്ങളാണ് അതില്‍ ഒഴുകി നടക്കുന്നതും. അത്തരമൊരു ഗ്രഹത്തില്‍ ജീവന്റെ സാന്നിധ്യം ഉണ്ടാവില്ലെന്നാണ് നാം കരുതുക. എന്നാല്‍ ജീവന്‍ നിലനില്‍ക്കാന്‍ ഒട്ടും സാധ്യതയില്ലെന്നു കരുതുന്നിടത്തുപോലും ജീവന്‍ അന്വേഷിക്കുന്നവരാണ് നമ്മുടെ ജ്യോതി ശാസ്ത്രഞ്ജര്‍. ആ പ്രതീക്ഷയ്ക്ക് വെറുതെയാവാത്ത കണ്ടെത്തലാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ശുക്രന്റെ മുകള്‍പാളിയില്‍ ഒഴുകി നടക്കുന്ന മേഘങ്ങളില്‍ ജീവസാന്നിധ്യത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തി എന്നതാണത്. വെയില്‍സിലെ കാര്‍ഡിഫ് സര്‍വകലാശാലയിലെ ജെയ്ന്‍ ഗ്രീവ്‌സിന്റെ നേതൃത്വത്തിലുള്ള ജ്യോതിശാസ്ത്രജ്ഞരാണ് നേച്ചര്‍ ആസ്‌ട്രോണമി ജേണലില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍ ഭൂമിയിലെ സൂക്ഷമജീവികള്‍ മാലിന്യമായി തള്ളുന്ന തന്മാത്ര കണം കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്തത്. ഫോസ്ഫീന്‍ എന്ന വാതകമാണത്. ശുക്രനിലെ മേഘങ്ങളില്‍ ഈ വാതകത്തിന്റെ സാന്നിധ്യമാണ് ഗവേഷകര്‍ കണ്ടെത്തിയത്. ഭൂമിയില്‍ ഈ വാതകം ഉല്‍പാദിപ്പിക്കുന്നത് ഒരിനം ബാക്ടീരിയകളാണ്. അതായത്, ഭൂമിയില്‍ ഓക്‌സിജന്‍ തീരെ ലഭിക്കാത്ത മാലിന്യക്കൂമ്പാരവും ചതുപ്പും പോലുള്ള ഭാഗങ്ങളില്‍ ജീവിക്കുന്ന ബാക്ടീരിയകളാണ് ഫോസ്ഫീന്‍ വാതകം പുറത്തുവിടുക. സമാനമായി ശുക്രനിലും ഓക്‌സിജനില്ലാത്ത സാഹചര്യത്തില്‍ ജീവിക്കുന്ന സൂക്ഷ്മജീവികളായിരിക്കാം ഈ വാതകം പുറത്തുവിടുന്നതെന്നാണു ഗവേഷകരുടെ നിഗമനം.
ടെലസ്‌കോപ്പ് ഉപയോഗിച്ചാണ് ഗവേഷകര്‍ ആദ്യമായി ഈ വാതകത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. കൂടുതല്‍ ഉറപ്പു വരുത്തുന്നതിന്, കുറച്ചുകൂടി വലിയ സൗകര്യമുള്ള ചിലെയിലെ അറ്റക്കാമ മരുഭൂമിയിലെ ലാര്‍ജ് മില്ലിമീറ്റര്‍സബ് മില്ലിമീററര്‍ അരേ (അല്‍മ) എന്ന ടെലസ്‌കോപ്പും ഉപയോഗിച്ചു. ‘ബയോ സിഗ്‌നേച്ചര്‍’ എന്നറിയപ്പെടുന്ന ജീവന്റെ തെളിവുകള്‍ എവിടെയെങ്കിലും കണ്ടെത്താനാകുമോ എന്നായിരുന്നു അവര്‍ പ്രധാനമായും അന്വേഷിച്ചത്. അക്കാര്യത്തില്‍ ഏറ്റവും വിശ്വസനീയമായ വിവരമാണ് ഇപ്പോള്‍ ശുക്രനില്‍നിന്നു ലഭിച്ചിരിക്കുന്നതെന്നും ജെയ്ന്‍ ഗ്രീവ്‌സ് പറഞ്ഞു. ഭൂമിയില്‍ പരീക്ഷണശാലകളെ മാറ്റിനിര്‍ത്തിയാല്‍ ജീവികളാണ് ഫോസ്‌ഫൈന്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ഓക്‌സിജന്‍ ഇല്ലാത്ത അവസ്ഥയില്‍ അഴുകുന്ന വസ്തുക്കളിലാണ് ഫോസ്‌ഫൈന്‍ ഉണ്ടാകാനുള്ള സാധ്യത. ശുക്രാന്തരീക്ഷത്തിലെ മുകള്‍പാളികളിലാണ് ഫോസ്‌ഫൈന്‍ കണ്ടെത്തിയിട്ടുള്ളത്. അതും വളരെ കുറഞ്ഞ (100 കോടിയില്‍ 20 എന്ന നിലയില്‍) തോതിലും. ശുക്രനില്‍ നടക്കുന്ന അഗ്‌നിപര്‍വതസ്‌ഫോടനങ്ങളോ മറ്റേതെങ്കിലും രാസപ്രവര്‍ത്തനങ്ങള്‍ വഴിയോ ഫോസ്‌പൈന്‍ ഉണ്ടാകാവുന്നതാണ്. എന്നാല്‍ അത്തരത്തിലുള്ള പ്രവര്‍ത്തനത്തിലൂടെയല്ല ഈ ഫോസ്‌ഫൈന്‍ ഉണ്ടായതെന്നാണ് വിലയിരുത്തല്‍. അതോടെയാണ് ജീവശാസ്ത്രപരമായ പ്രക്രിയയിലൂടെ യായിരിക്കാം ഈ വാതകം രൂപപ്പെട്ടതെന്ന നിഗമനത്തിലെത്തിയത്. ഇതു സ്ഥിരീകരിക്കാന്‍ പക്ഷേ കൂടുതല്‍ ഗവേഷണം നടത്തേണ്ടതുണ്ട്. ഒരു ഫോസ്ഫറസ് ആറ്റവും മൂന്നു ഹൈഡ്രജന്‍ ആറ്റങ്ങളും ചേര്‍ന്നതാണ് ഫോസ്ഫീന്‍. അതായത് ഫോസ്ഫീന്‍ ഉല്‍പാദിപ്പിക്കണമെങ്കില്‍ ഭൂമിയിലെ ബാക്ടീരിയകള്‍ ധാതുക്കളില്‍നിന്നോ ജൈവവസ്തുക്കളില്‍നിന്നോ ആദ്യം ഫോസ്‌ഫേറ്റ് ശേഖരിക്കണം. അതോടൊപ്പം വേണം ഹൈഡ്രജന്‍ ചേര്‍ക്കേണ്ടത്.

