ആരോപണങ്ങൾ തെളിയിക്കൂ.. എം ബി രാജേഷിനെ വെല്ലുവിളിച്ച് ഉമർ തറമേൽ

കൊച്ചി: നിനിത കണിച്ചേരിയുടെ നിയമന വിവാദത്തില്‍ സിപിഐഎം നേതാവ് എംബി രാജേഷിന് മറുപടിയുമായി വിഷയ വിദഗ്ധന്‍ ഉമര്‍ തറമേല്‍. ആരോപണങ്ങള്‍ തെളിയിക്കാന്‍ എംബി രാജേഷിനെ ഉമര്‍ തറമ്മേല്‍ വെല്ലുവിളിച്ചു. നിനിതയെ പിന്മാറണമെന്ന് ആവശ്യപ്പെടാന്‍ ഇടനിലക്കാരനെ നിയോഗിച്ചിട്ടില്ല. വിസിക്ക് അയച്ച കത്ത് എവിടെനിന്ന് കിട്ടിയെന്ന് രാജേഷ് വ്യക്തമാക്കണമെന്നും ഉമര്‍ തറമേല്‍ ആവശ്യപ്പെട്ടു.

ശനിയാഴ്ച (06/02/21) എംബി രാജേഷ് ഉന്നയിച്ച ആരോപണങ്ങള്‍ക്കുള്ള മറുപടിയാണ് ഉമര്‍ തറമേലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. താല്പര്യമുള്ള ഒരു ഉദ്യോഗാര്‍ത്ഥിക്ക് വേണ്ടി നിനിതയോട് പിന്മാറാന്‍ അപേക്ഷിക്കും മട്ടില്‍ വിഷയ വിദഗ്ധര്‍ ഉപജാപം നടത്തി എന്ന രാജേഷിന്റെ ആരോപണത്തിനാണ് ആദ്യ മറുപടി. അങ്ങനൊരാളെ തങ്ങള്‍ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ഉമര്‍ തറമേല്‍ പറയുന്നു. രാജേഷ് ആരോപിച്ച പ്രകാരം സംഭവിച്ചിട്ടുണ്ടെങ്കില്‍, വൈസ് ചാൻസലര്‍ക്ക് അയച്ച കത്ത് അയാള്‍ക്ക് എവിടുന്നു കിട്ടിയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജേഷ് പത്രസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് തെളിയിക്കാന്‍ കഴിയുമോ എന്നും അദ്ദേഹം വെല്ലുവിളിച്ചു.

‘2019 ഓഗസ്റ്റ് 31 ന് ഈ നടന്ന പോസ്റ്റുകളുടെ അപേക്ഷാ പരസ്യം വരുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അക്കാലത്ത് കാലിക്കറ്റ് സര്‍വകലാശാലയിലുള്ള ഏത് ഉദ്യോഗാര്‍ഥിക്കും പഠനവകുപ്പിലെ ഏതു അധ്യാപകരില്‍ നിന്നും ഒരു സ്വഭാവ സര്‍ട്ടിഫിക്കേറ്റ് വാങ്ങി അയക്കാം, അത്രേയുള്ളൂ. ഇവിടെ വിഷയ വിദഗ്ധര്‍ ആയി വരേണ്ടി വരും എന്നു നിനച്ചു ചെയ്യുന്നതായിരിക്കുമോ ഇത്തരം പണികള്‍?
അതുപോട്ടെ, ഞാന്‍ നുഴഞ്ഞു കയറി ബോര്‍ഡില്‍ വന്നതാണോ, സര്‍വകലാശാല വൈസ് ചാന്‍സിലര്‍ വിളിച്ചിട്ട് വന്നതല്ലേ? താന്‍ ജോലി ചെയ്യുന്ന സര്‍വകലാശാലയിലൊഴികെ ഏതു സര്‍വകലാശാലയിലും വിഷയ വിദഗ്ധര്‍ ആയി വിളിക്കാം എന്നാണ് ഞാന്‍ മനസ്സിലാക്കി വെച്ചിട്ടുള്ളത്. ഇതൊക്കെ സ്വജന പക്ഷപാതമായി പൊതു സമൂഹത്തില്‍ അവതരിപ്പിക്കപ്പെടുന്നതിന്റെ യുക്തി എന്താണ്, എന്നു ഞങ്ങള്‍ക്ക് മനസ്സിലായിട്ടില്ല. പിന്നെ, നിനിത എന്ന ഉദ്യോഗാര്‍ഥിയുടെ പിഎച്ച്ഡി യോഗ്യതയെയോ മറ്റു കഴിവുകളെയോ ഒന്നും ഞങ്ങള്‍ എക്‌സ്‌പെര്‍ട്ടുകള്‍ തള്ളിപ്പറഞ്ഞിട്ടില്ല. പൊതു നിരത്തില്‍, നിരത്തപ്പെടുന്ന കാര്യങ്ങളൊന്നും ദയവായി ഞങ്ങളുടെ തലയില്‍ കെട്ടിവെക്കാതിരിക്കുക’, ഉമര്‍ തറമേല്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →