ന്യൂഡല്‍ഹി: കൊളംബോ തുറമുഖത്തിന്റെ 49% നടത്തിപ്പവകാശം ഇന്ത്യക്കും ജപ്പാനും നല്‍കിയിരുന്ന കരാറില്‍നിന്നു ശ്രീലങ്ക പിന്‍മാറി. 2019ലെ കരാര്‍ മാനിക്കാന്‍ ശ്രീലങ്ക തയാറാകണമെന്ന് ഇന്ത്യ. കൊളംബോ തുറമുഖത്തിന്റെ കിഴക്കന്‍ ടെര്‍മിനലിന്റെ പൂര്‍ണ ഉടമസ്ഥതയും നടത്തിപ്പവകാശവും ശ്രീലങ്ക പോര്‍ട്ട് അതോറിറ്റിക്കു കൈമാറിക്കൊണ്ടാണു ലങ്കന്‍ സര്‍ക്കാരിന്റെ തീരുമാനം.തുറമുഖവികസനത്തിനു ജപ്പാനും ഇന്ത്യയിലെ അദാനി ഗ്രൂപ്പുമായി 2019-ലാണു ശ്രീലങ്ക കരാറൊപ്പിട്ടത്. കരാര്‍ സംബന്ധിച്ച തുടര്‍ചര്‍ച്ചകള്‍ക്കായി കഴിഞ്ഞമാസം ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ കഴിഞ്ഞമാസം ശ്രീലങ്ക സന്ദര്‍ശിച്ചിരുന്നു. കരാറില്‍നിന്നുള്ള പിന്മാറ്റത്തെപ്പറ്റി അദാനി ഗ്രൂപ്പോ കൊളംബോയിലെ ജപ്പാന്‍ എംബസിയോ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രാജപക്സെയോ പ്രതികരിച്ചിട്ടില്ല.
അതേസമയം, തുറമുഖത്തിന്റെ പടിഞ്ഞാറന്‍ ടെര്‍മിനല്‍ വികസനത്തിനു പൊതു-സ്വകാര്യപങ്കാളിത്തപ്രകാരം ഇന്ത്യയേയും ജപ്പാനെയും ലങ്ക ക്ഷണിച്ചിട്ടുമുണ്ട്. ഇന്ത്യയില്‍നിന്നും ഇന്ത്യയിലേക്കുമുള്ള ചരക്കുനീക്കത്തില്‍ നിര്‍ണായകസ്ഥാനമാണു ശ്രീലങ്കയ്ക്കുള്ളത്. ലങ്കയിലെചൈനീസ് മേധാവിത്വം അവസാനിപ്പിക്കുന്നതിനു കൂടിയാണു കൊളംബോ തുറമുഖവികസനം ഇന്ത്യയും ജപ്പാനും ഏറ്റെടുത്തത്.

