തിരുവനന്തപുരം: കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം അമ്പേ പരാജയപ്പെട്ടെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഒരുമാസത്തിനകം രണ്ടു തവണ കേന്ദ്രസംഘം കേരളത്തിലേക്ക് പോകേണ്ടി വരുന്നത് ഇതിന് തെളിവാണെന്നും മന്ത്രി വിമര്‍ശിച്ചു. കോവിഡ് വ്യാപനമുളള 20 ജില്ലകളില്‍ 12 ഉം കേരളത്തിലാണ്. ജനങ്ങളെ വഞ്ചിക്കുന്ന സര്‍ക്കാര്‍ ഇതര സംസ്ഥാനങ്ങള്‍ കോവിഡിനെ നേരിട്ട രീതി മാതൃകയാക്കുകയാണ് വേണ്ടതെന്ന് മുരളീധരന്‍ പറഞ്ഞു.
കേരളത്തിന്‍റെ കോവിഡ് പ്രതിരോധ നയം തീരുമാനിക്കുന്നതാരെന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. കാരണം ടെസറ്റുകളുടെ എണ്ണം ഒരുലക്ഷമായി വര്‍ദ്ധിപ്പിക്കുമെന്നും 70 ശതമാനം ആര്‍ടിപി.സിആര്‍ വേണമെന്നും മുഖ്യമന്ത്രി പറയുമ്പോള്‍ ,ആരോഗ്യവകുപ്പ് വിദഗ്‌ധര്‍ പറയുന്നത് ആന്റിജന്‍ ടെസറ്റ് മതിയെന്നാണ്. ലോകവ്യാപകമായി 60 ശതമാനം ആന്റിജന്‍ ടെസ്റ്റുകളും തെറ്റായഫലമാണ് നല്‍കുന്നത്. ഫലപ്രദമല്ലെന്ന് ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ട ആന്റിജന്‍ ടെസ്റ്റ് നിര്‍ദ്ദേശിക്കുന്നത് മലയാളികളെ അപമാനിക്കലാണെന്നും മന്ത്രി പറഞ്ഞു.
രോഗം റിപ്പോര്‍ട്ടു ചെയ്‌തപ്പോള്‍ മുതല്‍ ഐസിഎം ആറിന്‍റെയും ലോകാരോഗ്യ സംഘടനയുടെയും മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നതാണ് പ്രശ്‌നമെന്ന് ഇനിയെങ്കിലും അംഗീകരിക്കണമെന്നും മുരളീധരന്‍ പറഞ്ഞു. കേന്ദ്രം ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്‍റൈന്‍ നിര്‍ദ്ദേശിച്ചപ്പോള്‍ ഹോംക്വാറന്‍റൈന്‍ മതിയെന്നും ട്രേയ്സ് , ടെസ്‌റ്റ്, ട്രീറ്റ് ആണ് ശരിയെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നിലപാട്. ഇതെല്ലാം പരാജയപ്പെട്ടെന്ന് വ്യക്തമായിനാല്‍ സംസ്ഥാനം ചെയ്യുന്നത് മാത്രം ശരിയെന്ന സമീപനം മാറ്റണം. സര്‍ക്കാര്‍ പരിപാടികള്‍ പോലും പ്രോട്ടോകോള്‍ ലംഘിച്ച് നടത്തിയശേഷം ജനങ്ങളോട് പ്രോട്ടോകോള്‍ പാലിക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന വിചിത്രരീതിയാണ് കേരളത്തിലുളളത്.
രാജ്യത്തെ കോവിഡ് തലസ്ഥാനമായി കേരളം മാറിയിട്ടും മരണ നിരക്ക് കുറക്കാന്‍ കഴിഞ്ഞത് നേട്ടമായെന്ന് അവകാശപ്പെടുന്ന ആരോഗ്യ മന്ത്രി പരിഹാസപാത്രമായെന്നും, കോവിഡ് പ്രതിരോധത്തില്‍ കേരളം നേട്ടമുണ്ടാക്കിയെന്ന അവകാശവാദങ്ങള്‍ ഇടത് സര്‍ക്കാരിന്‍റെ പിആര്‍ പ്രചരണ പരിപാടിയുടെ ഭാഗമായിരുന്നെന്നും ഇനിയെങ്കിലും ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും ജനങ്ങളുടെ മുമ്പില്‍ തുറന്ന് സമ്മതിക്കുകയാണ് വേണ്ടതെന്നും മുരളീധന്‍ പറഞ്ഞു.

