മുംബൈ: ധനമന്ത്രി നിര്‍മലാ സീതാരാമന്റെ പ്രഖ്യാപനങ്ങളുടെ ആവേശത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും കുതിപ്പു തുടര്‍ന്നു സൂചികകള്‍. ഇന്നലെ സൂചികകള്‍ 2,000 പോയിന്റോളം ഉയര്‍ന്നു. നിക്ഷേപസമൂഹം ബജറ്റിനെ സ്വീകരച്ചെന്ന പ്രാഥമിക സൂചനയാണ് വിപണി നല്‍കി കൊണ്ടിരിക്കുന്നത്. സെന്‍സെക്സ് 1,197 പോയിന്റ് ഉയര്‍ന്ന് 49,798 പോയിന്റിലും നിഫ്റ്റി 367 പോയിന്റ് കൂടി 14,648 പോയിന്റിലുമാണു വ്യാപാരം അവസാനിപ്പിച്ചത്.ലോക്ക്ഡൗണിനു ശേഷമുള്ള ആദ്യ ബജറ്റില്‍ ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശനിക്ഷേപ പരിധി 49 ശതമാനത്തില്‍നിന്ന് 75ലേക്ക് ഉയര്‍ത്തിയത് വിദേശീയരേയും ആകര്‍ഷിച്ചിട്ടുണ്ട്. ബി.എസ്.ഇയിലെ 1,727 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1,165 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. വ്യാപാരമദ്ധ്യേ സെന്‍സെക്സ് 50,000 പോയിന്റിനു മുകളിലെത്തിയിരുന്നു. രണ്ട് വ്യാപാര ദിനങ്ങളിലായി 3,500ലേറെ പോയന്റാണ് സെന്‍സെക്‌സ് ഉയര്‍ന്നത്. ആഗോള വിപണികളിലെ നേട്ടവും സൂചികകള്‍ക്ക് കരുത്തേകി. ടാറ്റ മോട്ടോഴ്‌സ്, ശ്രീ സിമെന്റ്‌സ്, അള്‍ട്രടെക് സിമെന്റ്, എസ്.ബി.ഐ, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി.
ബജറ്റ് ആവേശം: തുടര്‍ച്ചയായ രണ്ടാം ദിനവും വിപണികള്‍ ഉയര്‍ച്ചയില്‍
