ട്രെയിനുകള്‍ റദ്ദാക്കിയും വഴിതിരിച്ചുവിട്ടും റെയില്‍വേ കര്‍ഷകസമരം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുന്നു: അപലപിച്ച് സംഘടനകള്‍

ന്യൂഡല്‍ഹി: ട്രെയിനുകള്‍ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്യുന്ന നടപടിയെ ഭാരതീയ കിസാന്‍ യൂണിയന്‍ (ബി.കെ.യു) ഉഗ്രഹാന്‍, ഡാകൗണ്ട വിഭാഗങ്ങള്‍ ഉള്‍പ്പെടെ വിവിധ കര്‍ഷകസംഘടനകള്‍ അപലപിച്ചു. ഡല്‍ഹിയിലേക്കുള്ള കര്‍ഷകപ്രക്ഷോഭകര്‍ കയറിയ ട്രെയിനുകളാണ് ഇത്തരത്തില്‍ വഴിതിരിച്ച് വിടുന്നത്.

ഫിറോസ്പുര്‍-മുംബൈ പഞ്ചാബ് മെയില്‍ കഴിഞ്ഞദിവസം റെയില്‍വേ അധികൃതര്‍ വഴിതിരിച്ചുവിട്ടിരുന്നു. സമരകേന്ദ്രമായ തിക്രിക്കു നാല് കിലോമീറ്റര്‍ മുമ്പുള്ള ബഹാദുര്‍ഗാഹ് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങേണ്ടിയിരുന്ന കര്‍ഷകര്‍ക്ക് റോത്തക്, റെവാരി സ്റ്റേഷനുകളില്‍ ഇറങ്ങേണ്ടിവന്നു. ഗംഗാനഗര്‍-ഓള്‍ഡ് ഡല്‍ഹി ട്രെയിനും ലക്ഷ്യസ്ഥാനത്തെത്താതെ യാത്ര അവസാനിപ്പിച്ചു. ഇതിനെതിരെയാണ് നേതാക്കള്‍ പ്രതികരിച്ചത്.

സമരം അട്ടിമറിക്കാന്‍ റെയില്‍വേ അധികൃതര്‍ കൂട്ടുനില്‍ക്കുകയാണെന്നു ബി.കെ.യു. (ഉഗ്രഹാന്‍) നേതാവ് സുഖ്ദേവ് സിങ് കൊക്രികാലന്‍ ആരോപിച്ചു. എന്നാല്‍, ഡല്‍ഹിയിലേക്കു കര്‍ഷകരുടെ വരവിനെ തടയാമെന്നു കരുതേണ്ട. ട്രാക്ടറുകളിലും ബസുകളിലും മറ്റ് വാഹനങ്ങളിലുമായി അവര്‍ സമരസ്ഥലത്തേക്കു പുറപ്പെട്ടുകഴിഞ്ഞു”- സുഖ്ദേവ് പറഞ്ഞു. അതേസമയം, ട്രെയിനും ലക്ഷ്യസ്ഥാനത്തെത്താതെ യാത്ര അവസാനിപ്പിച്ചത് സാങ്കേതിക കാരണങ്ങളാലാണു നടപടിയെന്ന് ഉത്തര റെയില്‍വേ അധികൃതരുടെ വിശദീകരണം.

Share
അഭിപ്രായം എഴുതാം