കണ്ണൂർ: സ്വര്‍ണ്ണക്കടത്തുകേസ് അന്വേഷണം അട്ടിമറിയ്ക്കാന്‍ സിപിഐഎമ്മും ബിജെപിയും ഒത്തുകളിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇരു പാര്‍ട്ടികളും തമ്മിലുള്ള അന്തര്‍ധാര സജീവമാണെന്നും മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടാണുള്ളതെന്നും ചെന്നിത്തല ആരോപിച്ചു. രാഷ്ട്രീയ ഇടപെടലുണ്ടെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയശേഷമാണ് സ്വര്‍ണ്ണക്കടത്ത് കേസന്വേഷണം നിലച്ചത്. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കൂട്ടുകെട്ടാണ് ഇത് തെളിയിക്കുന്നതെന്ന് ചെന്നിത്തല ആഞ്ഞടിച്ചു. ഐശ്വര്യകേരളയാത്രയ്ക്കിടെ കണ്ണൂരില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായിയും മോദിയും തമ്മിലുള്ള അന്തര്‍ധാര മനസിലാക്കാന്‍ പാഴൂര്‍ പടിവരെ പോകേണ്ട കാര്യമില്ലെന്നും ചെന്നിത്തല പരിഹസിച്ചു. സംസ്ഥാന ബജറ്റിന്റെ തനിപ്പകര്‍പ്പ് തന്നെയാണ് കേന്ദ്രബജറ്റ്. രണ്ടിലുമുള്ളത് പൊള്ളയായ പ്രഖ്യാപനങ്ങള്‍ മാത്രമാണെന്നും ചെന്നിത്തല ആക്ഷേപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫുമായി സഖ്യമില്ലെന്ന് വെല്‍പെയര്‍ പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ ആ വിഷയത്തിലുള്ള ചര്‍ച്ചയ്ക്ക് ഇനി പ്രസക്തിയില്ലെന്നും ചെന്നിത്തല പറഞ്ഞു.
ലാവ്‌ലിന്‍ കേസ് 20 തവണ മാറ്റിവെച്ചത് ചൂണ്ടിക്കാട്ടിയും ചെന്നിത്തല വിമര്‍ശന മുന്നയിച്ചു. അവിശുദ്ധ കൂട്ടുകെട്ട് ഇതിലൂടെത്തന്നെ വ്യക്തമാകുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു.



