കോട്ടയം: സ്വകാര്യ മേഖല തട്ടിയെടുക്കുമെന്ന കരുതിയിരുന്ന വെളളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറി കേരളത്തിന് സ്വന്തമായി. സര്‍ക്കാര്‍ സ്ഥാപനമായ കിന്‍ഫ്രക്ക് ഫാക്ടറി നല്‍കാന്‍ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ തീരുമാനിച്ചു. ഇതോടെ വെളളൂരില്‍ പത്രക്കടലാസ് നിര്‍മ്മാണം പുനരാരംഭിക്കും. ഒപ്പം ആദ്യത്തെ റബര്‍പാര്‍ക്കും കേരളത്തിന് ലഭിക്കും.
146 കോടിരൂപ കിന്‍ഫ്ര ട്രൈബ്യൂണില്‍ കെട്ടിവയ്‌ക്കണം. അതോടെ കമ്പനി കേരളത്തിന്‍റേതാകും. 360 കോടിരൂപയാണ് ലോട്രൈബ്യൂണല്‍ ആദ്യം ആവശ്യപ്പെട്ടിരുന്നത്. കുറഞ്ഞ തുക ക്വോട്ട് ചെയ്‌തിരുന്ന സണ്‍ പേപ്പറിന്റെ ടെൻഡർ തളളിയതോടെയാണ് കിന്‍ഫ്രക്ക് അവസരം ലഭിച്ചത്. സര്‍ക്കാര്‍ പൊതുമേഖലക്കുളള പ്രത്യേക സമിതി രൂപീകരിച്ചായിരുിക്കും കമ്പനി പ്രവര്‍ത്തനം തുടങ്ങുക. 250 കോടി രൂപ ഇതിനായി സര്‍ക്കാര്‍ ബജറ്റില്‍ കൊളളിച്ചിട്ടുണ്ട്. .
1982 ല്‍ മൂവാറ്റുപുഴയാറിന്റെ തീരത്ത് സര്‍ക്കാര്‍ നല്‍കിയ ഭൂമിയിലാണ് കമ്പനിയുടെ തുടക്കം. ദിവസം 300 ടണ്‍ പത്രക്കടലാസ് ഉത്‌പ്പാദിപ്പിച്ചിരുന്നു. 453 ജീവനക്കാരും 700 കരാര്‍ തൊഴിലാളികളും 300 അപ്രന്റീസുകളും ജോലിചെയ്‌തിരുന്ന ഈ കമ്പനി കെടുകാര്യസ്ഥതയു, കടബാധ്യതകളും കാരണം 2019 ജനുവരി 1ന് പൂട്ടുകയായിരുന്നു.
1900 കോടി രൂപ മുതല്‍ മുടക്കില്‍ സിയാല്‍ മാതൃകയില്‍ റബര്‍ കമ്പനി ആരംഭിക്കും .പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 4.5 കോടിരൂപ ബജറ്റില്‍ വക കൊളളിച്ചു. പ്രവര്‍ത്തനങ്ങള്‍ക്കായി ഡയറക്ടര്‍ബോര്‍ഡ് രൂപീകരിച്ചു. 15 ലക്ഷത്തോളം റബര്‍ കര്‍ഷകരാണ് കേരളത്തിലുളളത്. വന്‍കിട ടയര്‍ കമ്പനികള്‍ റബര്‍ വിപണി നിയന്ത്രിക്കുന്നതിനാല്‍ മികച്ച വില കിട്ടാതെ പലരും റബര്‍കൃഷി ഉപേക്ഷിക്കുന്ന സാഹചര്യത്തിലാണ് റബര്‍പാര്‍ക്ക് പുതിയ പ്രതീക്ഷയാകുന്നത്.

