ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായത് 84 പേരാണെന്നും 38 കേസുകളിലായാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തതെന്നും ഡല്‍ഹി പോലിസ്. കര്‍ഷകരുമായുണ്ടായ ഏറ്റുമുട്ടലില്‍ നാനൂറോളം പോലീസുകാര്‍ക്കു പരുക്കേറ്റതായും ഡല്‍ഹി പോലീസ് അറിയിച്ചു. വ്യാപക അക്രമം അരങ്ങേറിയ ചെങ്കോട്ടയില്‍ ഇന്നലെ ഫോറന്‍സിക് വിദഗ്ധരെത്തി തെളിവു ശേഖരിച്ചു. രക്തസാമ്പിളുകളും വിരലടയാളങ്ങളും ശേഖരിക്കുകയായിരുന്നു ലക്ഷ്യം. ഇതിലൂടെ രാജ്യത്തിന്റെ അഭിമാന സ്തംഭങ്ങളിലൊന്നായ ചെങ്കോട്ടയിലുണ്ടായ അതിക്രമങ്ങള്‍ക്ക് ഉത്തരവാദികളെ കണ്ടെത്താന്‍ കഴിയുമെന്നാണു കരുതുന്നത്. ട്രാക്ടര്‍റാലി അക്രമങ്ങളില്‍ പരുക്കേറ്റ ഡല്‍ഹി പോലീസ് സേനാംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ഇന്നലെ ഏകദിന സമരം നടത്തി. ഡല്‍ഹി പോലീസ് മഹാസംഘിന്റെ നേതൃത്വത്തില്‍ ഷഹീദി പാര്‍ക്കിലായിരുന്നു സമരം. ഡല്‍ഹി പോലീസില്‍ നിലവില്‍ സേവനം അനുഷ്ഠിക്കുന്നവരും വിരമിച്ചവരും കുടുംബാംഗങ്ങളും പങ്കാളികളായി.