തിരുവനന്തപുരം: നേമത്ത് മത്സരിക്കാന്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വെല്ലുവിളിച്ച് ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്‍. നേമം ബിജെപിയുടെ ഉരുക്കുകോട്ടയാണെന്നും ഉമ്മന്‍ ചാണ്ടിയല്ല, രാഹുല്‍ ഗാന്ധി വന്നാല്‍ പോലും അതില്‍ മാറ്റമുണ്ടാവില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. കോന്നിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഉമ്മന്‍ ചാണ്ടിയെ പൂര്‍ണ മനസോടെ നേമത്തേക്ക് സ്വാഗതം ചെയ്യുന്നു. ഉമ്മന്‍ ചാണ്ടി നേമത്ത് മത്സരിക്കാന്‍ തയ്യാറാവട്ടെ. ആരെ വിജയിപ്പിക്കണമെന്ന് നേമത്തെ ജനങ്ങള്‍ വിലയിരുത്തട്ടെ. ഉമ്മന്‍ ചാണ്ടിയല്ല, രാഹുല്‍ ഗാന്ധി വന്നാലും നേമം ബിജെപിയുടെ ഉരുക്കുകോട്ടയാണ്. കഴിഞ്ഞ തവണത്തേതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ നേമം ഭാരതീയ ജനതാ പാര്‍ട്ടി നിലനിര്‍ത്തുമെന്നതില്‍ യാതൊരു സംശയവുമില്ല. അതുകൊണ്ടുതന്നെ ഉമ്മന്‍ ചാണ്ടി നേമത്തേക്ക് വരട്ടെ, മത്സരിക്കട്ടെ എന്നാണ് എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്’, കെ സുരേന്ദ്രന്‍ വെല്ലുവിളിച്ചു.
താന്‍ മത്സരിക്കണോ വേണ്ടയോ എന്ന കാര്യം പാര്‍ട്ടി ഇതുവരെ തീരുമാനിച്ചിട്ടില്ല. മത്സരിക്കുകയാണെങ്കില്‍ എവിടെ നില്‍ക്കണം എന്ന ആലോചനകള്‍ നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോന്നി ബിജെപിയുടെ ആദ്യ പരിഗണനയിലുള്ള മണ്ഡലമാണ്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണമായി പരിശ്രമിച്ചിട്ടും 40,000 വോട്ടുകള്‍ ഞങ്ങള്‍ക്ക് നേടാന്‍ കഴിഞ്ഞു. ബിജെപിയെ സംബന്ധിച്ചിടത്തോളം വലിയ പ്രതീക്ഷയുള്ള മണ്ഡലമാണ് കോന്നി. കോന്നിയില്‍ ആശങ്കകളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്ര മോദി സര്‍ക്കാരിന് ക്രൈസ്തവര്‍ക്കിടയില്‍ വ്യാപകമായ സ്വീകാര്യതയുണ്ടെന്നും മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ക്രൈസ്തവ സമുദായ വിഭാഗങ്ങള്‍ക്കിടയില്‍ വലിയ മതിപ്പാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അത് കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കിടയില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാവുമെന്ന പ്രതീക്ഷയും സുരേന്ദ്രന്‍ പങ്കുവെച്ചു.
ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് മത്സരിക്കാനെത്തുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് സുരേന്ദ്രന്റെ പ്രതികരണം. നേമത്തോ വട്ടിയൂര്‍ക്കാവിലോ മത്സരിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നെങ്കിലും ഇതെല്ലാം തള്ളി ഉമ്മന്‍ ചാണ്ടി തന്നെ രംഗത്തെത്തിയിരുന്നു.

