ദാവോസ്: സ്വന്തം പൗരന്മാര്ക്ക് മാത്രമായി വാക്സിന് തയ്യാറാക്കുകയെന്ന വാക്സിന് ദേശീയത കൊവിഡ് മഹാമാരി നീണ്ടുനില്ക്കാന് കാരണമാക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. ഇത് കൊവിഡ് 19 മഹാമാരി നീളാന്‍ കാരണമാവുമെന്നും അദ്ദേഹം പറഞ്ഞു. ലോക സാമ്പത്തിക ഫോറത്തിന്റെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഓണ്‍ലൈന്‍ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പല രാജ്യങ്ങളും സ്വന്തം ആളുകള്‍ക്കായി വാക്സിനുകള്‍ തയ്യാറാക്കുന്നുണ്ടെങ്കിലും ഇത് ലോകത്തിലെ ഏറ്റവും ദുര്‍ബലരായ ആളുകളെ വലിയ അപകടത്തിലാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെയും
വിവിധ രാജ്യങ്ങളിലെ കൊവിഡ് വാക്സിന് വിതരണത്തെ ചോദ്യം ചെയ്ത അദ്ദേഹം വാക്സിന് വിതരണത്തില്‍ ധാര്‍മികതയില്ലെന്ന് ആരോപിച്ചിരുന്നു. 49 സമ്പന്ന രാജ്യങ്ങളില്‍ 39 ദശലക്ഷത്തിലധികം ഡോസ് വാക്സിന് നല്കിയപ്പോള് ഏറ്റവും താഴ്ന്ന വരുമാനമുള്ള ഒരു രാജ്യത്ത് വെറും 25 ഡോസുകളാണ് നല്‍കിയത്.ഇത് ലോകത്തെ പരാജയത്തിലേക്ക് നയിക്കുമെന്നും ഇതിന് വില നല്‍കേണ്ടിവരുന്നത് ദരിദ്ര രാജ്യങ്ങളിലെ ജനങ്ങളാണെന്നും ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ഇത്തരം നടപടികള്‍ കൊവിഡ് വ്യാപനം വര്‍ധിപ്പിക്കാന്‍ ഇടയാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.എല്ലാ രാജ്യങ്ങള്‍ക്കും തുല്യമായ രീതിയില്‍ വാക്സിന് വിതരണം ചെയ്യേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാക്സിന് സ്വന്തം പൗരന്മാര്ക്ക് മാത്രം: ഇത് വാക്സിന് മൈത്രിയല്ല, ദേശീയതയെന്ന് ലോകാരോഗ്യ സംഘടന
