ശശി തരൂര്‍, രാജ്ദീപ് സര്‍ദേശായി, വിനോദ് കെ ജോസ്, മൃണാള്‍ പാണ്ഡെ തുടങ്ങിയവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റത്തിന് കേസ്

ന്യൂഡല്‍ഹി: ജനുവരി 26 ന് നടന്ന ട്രാക്ടര്‍ റാലിയില്‍ ഒരു കര്‍ഷകന്റെ മരണവുമായി ബന്ധപ്പെട്ട ട്വീറ്റുകള്‍ക്കും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചെന്നും ആരോപിച്ച് പാര്‍ലമെന്റ് അംഗം ശശി തരൂര്‍, മാധ്യമപ്രവര്‍ത്തകരായ രാജ്ദീപ് സര്‍ദേശായി, വിനോദ് കെ ജോസ് (കാരവന്‍), മൃണാള്‍ പാണ്ഡെ തുടങ്ങിയവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി നോയിഡ പോലിസ് കേസെടുത്തു. അര്‍പിത് മിശ്ര എന്നയാളുടെ പരാതിയിലാണ് പോലിസ് ഇവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. നാഷണല്‍ ഹെറാള്‍ഡിന്റെ ഗ്രൂപ്പ് എഡിറ്റര്‍ ഇന്‍ ചീഫ് സഫാര്‍ ആഗ, കാരവന്‍ എഡിറ്റര്‍ അനന്ത് നാഥ് എന്നിവര്‍ക്കെതിരേയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമം 153 എ, 153 ബി, 295 എ, 298, 504, 506, 505 (2), 124എ, 34, 120-ബി, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്റ്റ് 2000 ലെ സെക്ഷന്‍ 66 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അഭ്യൂഹങ്ങള്‍ പരത്തുന്നവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് പരാതിക്കാരന്‍ അര്‍പിത് മിശ്ര പറഞ്ഞു. റിപബ്ലിക് ദിന പരേഡ് നടക്കുന്ന സമയത്ത്, നിരപരാധിയായ ഒരാള്‍ക്ക് നേരെ വെടിയുതിര്‍ത്തുവെന്നും പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ ഇത് ട്രാക്ടര്‍ അപകടം മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Share
അഭിപ്രായം എഴുതാം