ട്രാക്ടര്‍ റാലിക്കിടെ സംഘർഷമുണ്ടായ സാഹചര്യത്തിൽ ബജറ്റവതരണ ദിനത്തിലെ കാൽനട ജാഥയുടെ കാര്യത്തിൽ കർഷക സംഘടനകളിൽ ഭിന്നത

ന്യൂഡൽഹി: ട്രാക്ടര്‍ റാലിക്കിടെ ഉണ്ടായ സംഭവവികാസങ്ങള്‍ കര്‍ഷക സംഘടനകള്‍ വിശദമായി ബുധനാഴ്ച(27/01/21) ചര്‍ച്ച ചെയ്യും. ട്രാക്ടര്‍ റാലി പാതിവഴിയില്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് കര്‍ഷകര്‍ പ്രക്ഷോഭ കേന്ദ്രങ്ങളിലേക്ക് മടങ്ങി. കര്‍ഷകന്റെ മരണവും എഫ്‌ഐആറുകളും സംബന്ധിച്ച് സംഘടനാ നേതാക്കളും ഡല്‍ഹി പൊലീസുമായി ചര്‍ച്ച നടന്നേക്കും. അതേസമയം, ചെങ്കോട്ടയിലെ സുരക്ഷാ പാളിച്ച അടക്കം കാര്യങ്ങളില്‍ ഡല്‍ഹി പൊലീസിലെ ഉത്തരവാദികളായ ഉദ്യോഗസ്ഥരില്‍ നിന്ന് വിശദീകരണം തേടുമെന്നാണ് സൂചന.

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി വന്‍വിജയമാണെന്ന വിലയിരുത്തലിലാണ് കര്‍ഷക സംഘടനകള്‍. അതേസമയം, ചെങ്കോട്ടയിലും ഐടിഒയിലും അടക്കമുണ്ടായ സംഘര്‍ഷത്തെ തള്ളിപ്പറയുകയും ചെയ്തു. സാമൂഹ്യവിരുദ്ധ ശക്തികള്‍ ട്രാക്ടര്‍ പരേഡില്‍ നുഴഞ്ഞുകയറിയെന്നും, അത്തരം ഘടകങ്ങളുമായി അകലം പാലിക്കുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയില്‍ അറിയിച്ചു.

പ്രക്ഷോഭത്തിന്റെ ശക്തി തന്നെ സമാധാനമാണെന്നും, ഏതെങ്കിലും തരത്തില്‍ അത് ലംഘിക്കപ്പെട്ടാല്‍ സമരത്തെ ബാധിക്കുമെന്നും സംഘടനകള്‍ വ്യക്തമാക്കി. സിംഗുവില്‍ ഇന്ന് യോഗം ചേര്‍ന്ന് സംഘടനകള്‍ വിശദമായ ചര്‍ച്ച നടത്തും. അതേസമയം, കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റ് മാര്‍ച്ച് നടത്താനാണ് കര്‍ഷകരുടെ അടുത്ത നീക്കം. ട്രാക്ടര്‍ റാലിക്കിടെ സംഘർഷമുണ്ടായ സാഹചര്യത്തിൽ ബജറ്റവതരണ ദിനത്തിലെ കാൽനട ജാഥയുടെ കാര്യത്തിൽ കർഷക സംഘടനകളിൽ ഭിന്നത രൂപം കൊണ്ടിട്ടുണ്ട്. കാല്‍നടജാഥയെ തടയാന്‍ പൊലീസ് വന്‍സന്നാഹം തന്നെ ഒരുക്കിയേക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →