ന്യൂഡല്‍ഹി: ഡൽഹി ദില്‍ഷാദ് ഗാര്‍ഡനില്‍ ട്രാക്ടര്‍ റാലിയുമായെത്തിയ കര്‍ഷകരും പൊലീസും തമ്മില്‍ വന്‍ സംഘര്‍ഷം. ഡല്‍ഹിയിലേക്ക് കര്‍ഷകര്‍ കടക്കാതിരിക്കാനായി പൊലീസ് ലാത്തിവീശി. കണ്ണീര്‍വാതകവും പൊലീസ് പ്രയോഗിച്ചു. ഇതോടെ കര്‍ഷകര്‍ ട്രാക്ടറുകള്‍ ഉപേക്ഷിച്ച് പിന്‍വാങ്ങി.
കര്‍ഷകര്‍ വന്ന വാഹനങ്ങള്‍ അടിച്ചുതകര്‍ത്തിട്ടുണ്ട്. കര്‍ഷകരുടെ വാഹനങ്ങളുടെയും ട്രാക്ടറുകളുടെയും കാറ്റ് പൊലീസ് അഴിച്ചുവിട്ടു. ഒപ്പം ട്രാക്ടറുകളിലെ ഇന്ധനവും പൊലീസ് തുറന്നുവിട്ടു. ഇതോടെ ഇനി ഇവിടെനിന്ന് ട്രാക്ടറുകളും മറ്റ് വാഹനങ്ങളും മാറ്റുകയെന്നത് കര്‍ഷകര്‍ക്ക് ഏറെ ബുദ്ധിമുട്ടാകും.
നേരത്തെ, സിംഗുവില്‍ നിന്ന് തുടങ്ങിയ കര്‍ഷകരുടെ ട്രാക്ടര്‍ റാലി പൊലീസ് തടഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷം ഉണ്ടായി. പൊലീസ് കര്‍ഷകര്‍ക്കുനേരെ കണ്ണീര്‍വാതകം പ്രയോഗിച്ചു. ട്രാക്ടര്‍ റാലി റിപ്പബ്ലിക് ദിന പരേഡിന് ശേഷം ആരംഭിക്കണമെന്നാണ് പൊലീസ് അറിയിച്ചിരുന്നത്. എന്നാല്‍ എട്ടുമണിയോടെ റാലി ആരംഭിക്കാന്‍ പൊലീസ് അനുവാദം നല്‍കിയെന്ന് കര്‍ഷക നേതാക്കള്‍ പറഞ്ഞു. ഇത് സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

