കർണാടകയിൽ ദേശാടന കൊക്കുകൾ കൂട്ടമായി ചത്തു വീണു

ബംഗളുരു : കർണാടകയിലെ ചിക്കബല്ലാപുരയിൽ 60 കൊക്കുകളെ ചത്ത നിലയിൽ കണ്ടെത്തി. ചിക്കബല്ലാപുരയിലെ ഗൗരിബിദാനൂർ താലൂക്കിലെ കടലവേനി ഗ്രാമത്തിൽ ഒരു ടാങ്കിന്റെ തീരത്തും സമീപത്തെ മരങ്ങളിലുമായാണ് 60 ഓളം ദേശാടന കൊക്കുകളെ ചത്ത നിലയിൽ കണ്ടെത്തിയത്.

ഗ്രാമവാസികളാണ് വെറ്റിനറി വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിശകലനത്തിനായി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.

സാമ്പിളുകൾ ബെംഗളൂരുവിലേക്ക് അയച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിച്ചതിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും വെറ്റിനറി, മൃഗസംരക്ഷണ വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ഡോ. രാഘവേന്ദ്ര പറഞ്ഞു.

പക്ഷിപ്പനി ബാധ ഇതുവരെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ഈ ദേശാടന പക്ഷികളുടെ മരണകാരണം കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, മുൻകരുതൽ എന്ന നിലയിൽ, ചത്ത പക്ഷികളെ സുരക്ഷിതമായി സംസ്കരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഡോ. ​​രാഘവേന്ദ്ര കൂട്ടിച്ചേർത്തു.

പ്രദേശത്ത് ധാരാളം കുറ്റിച്ചെടികളും മരങ്ങളും ഉള്ളതിനാൽ നിരവധി പക്ഷികൾ മരങ്ങളിൽ കുടുങ്ങിക്കിടക്കുകയാണെന്നും ശവശരീരങ്ങൾ നീക്കം ചെയ്യാൻ അധികൃതർ അഗ്നിശമന സേനയുടെ സഹായം തേടിയതായും വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ടിവി ജനാർദ്ദൻ പറഞ്ഞു.

പോഷകാഹാരക്കുറവ് അല്ലെങ്കിൽ റാണിഖേത് രോഗം (കൊക്കര രോഗം) മൂലമാണ് പക്ഷികൾ ചത്തതെന്നാണ് പ്രാഥമിക വിവരം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →