റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആശ്വാസമായി ആർദ്രം: പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെല്ലാം കുടുംബാരോഗ്യ കേന്ദ്രങ്ങളാകും

January 22, 2021 - 2:29 pm

എറണാകുളം: സർക്കാർ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുക  എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ആർദ്രം ദൗത്യം ജില്ലയിൽ നൽകിയത് മികച്ച പ്രവർത്തനങ്ങൾ. ദൗത്യത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ പ്രാഥമികാരോഗ്യകേന്ദ്രങ്ങളെയും കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള പ്രവൃത്തികളാണ് നടന്നു വരുന്നത്. ആദ്യഘട്ടത്തിൽ 14, രണ്ടാം ഘട്ടത്തിൽ 40, മൂന്നാം ഘട്ടത്തിൽ 23 ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കാനായിരുന്നു തീരുമാനം.

ഒന്നാം ഘട്ടത്തിൽ പ്രഖ്യാപിച്ചവ വിവിധ പ്രവൃത്തികൾ പൂർത്തിയാക്കി പ്രവർത്തനമാരംഭിച്ചു. പ്രവർത്തനസമയം വൈകിട്ട്‌ ആറുമണി വരെ ആക്കുന്നതിനുപുറമെ രോഗീസൗഹൃദമായ അന്തരീക്ഷമൊരുക്കുകയും കൂടുതൽ ഡോക്ടർമാരെയും പാരാമെഡിക്കൽ ജീവനക്കാരെയും നിയമിച്ചു. സ്വകാര്യതയുള്ള പരിശോധന മുറികളും മാർഗ്ഗരേഖകൾ അനുസരിച്ചുള്ള ചികിത്സയും ഉറപ്പുവരുത്തുന്നതിനുമൊപ്പം തന്നെ ജീവിതശൈലി രോഗക്ലിനിക്കുകൾ, ആസ്മ, ശ്വാസം മുട്ട്‌ രോഗങ്ങൾക്ക്‌ ശ്വാസ്‌ ക്ലിനിക്ക്‌, മാനസികാരോഗ്യപരിചരണത്തിനായി ആശ്വാസ്‌ ക്ലിനിക്കുകൾ തുടങ്ങി വിവിധ സൗകര്യങ്ങൾ കൂടുതലായി കുടുംബാരോഗ്യകേന്ദ്രങ്ങളിൽ സജ്ജമാക്കി.

കോടനാട്‌, കുട്ടമ്പുഴ, ചേരാനെല്ലൂർ, മഴുവന്നൂർ, എരൂർ, വാഴക്കുളം, പായിപ്ര, ചൊവ്വര, മഞ്ഞപ്ര, തിരുമാറാടി, കരുമാലൂർ, ഗോതുരുത്ത്‌, നായരമ്പലം, ചെല്ലാനം എന്നിവയാണ്‌ ഒന്നാം ഘട്ടത്തിൽ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കിയത്‌. 193.61 ലക്ഷം രൂപയാണ്‌ ഈ കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുവാനായി ചെലവഴിച്ചത്‌. ഇതിന്‌ പുറമെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ കൂടി ഫണ്ട്‌ ഉപയോഗപ്പെടുത്തിയിട്ടുണ്ട്‌. 

രണ്ടാം ഘട്ടത്തിൽ നേരിയമംഗലം, ചിറ്റാറ്റുകര, കൂനമ്മാവ്‌, മുളവുകാട്‌, കാക്കനാട്‌, കീഴ്മാട്‌, രായമംഗലം, കടവൂർ, തുറവൂർ, ബിനാനിപുരം, തിരുവാണിയൂർ, മുനമ്പം, ആലങ്ങാട്‌, അയ്യമ്പുഴ, കോട്ടപ്പടി എന്നിവയെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി. മൂന്നാം ഘട്ടത്തിൽ പ്രഖ്യാപിച്ചതിൽ ഇലഞ്ഞി, മണീട്‌ എന്നിവയെയും കുടുംബാരോഗ്യ്കേന്ദ്രങ്ങളായി പ്രവർത്തിക്കുന്നു. രണ്ടാം ഘട്ടത്തിൽ ശേഷിക്കുന്ന 25 ആരോഗ്യകേന്ദ്രങ്ങളുടെയും മൂന്നാം ഘട്ടത്തിൽ ശേഷിക്കുന്ന 21 ആരോഗ്യകേന്ദ്രങ്ങളുടെയും പ്രവൃത്തികൾ നടന്നുവരികയാണ്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *