തിരുവനന്തപുരം:സിഎജിയുടെ എക്‌സിറ്റ് മീറ്റിംഗിന്‍റെ മിനിട്‌സ് അക്കൗണ്ടന്റ് ജനറലിന്റെ ഓഫീസില്‍ നിന്ന് ധനവകുപ്പ് സെക്രട്ടറിക്ക് അയച്ചെങ്കിലും ഒപ്പിട്ട് തിരിച്ചയച്ചില്ലെന്ന് വി.ഡി. സതീശന്റെ ആരോപണം. ഇത് മറച്ചുവച്ച് ധനമന്ത്രി ഗവര്‍ണ്ണറേയും സഭയേയും തെറ്റിദ്ധരിപ്പിച്ചെന്നും സതീശന്‍ ആരോപിച്ചു. ധനവകുപ്പിന്റെ മുഴുവന്‍ താപാലും തപ്പിയിട്ടും അങ്ങനെയൊരു രേഖ കണ്ടെത്തിയില്ലെന്നാണ് ധനമന്ത്രി തോമസ് ഐസക്ക് പറയുന്നത്. അയച്ചിട്ടുണ്ടെങ്കില്‍ അത് തെളിയിക്കാന്‍ വി.ഡി. സതീശനെ മന്ത്രി വെല്ലുവിളിച്ചു.
കിഫ്‌ബിയുടെ മസാല ബോണ്ട് ഇടപാടുകള്‍ ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി വി.ഡി. സതീശന്‍ നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിലാണ് ചൂടേറിയ വാദപ്രതിപാദം നടന്നത്. ധനമന്ത്രിയുടെ മറുപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപോയി. പ്രമേയം സഭ തളളി. എക്‌സിറ്റ് മീറ്റിംഗില്‍ ധന സെക്രട്ടറി പങ്കെടുത്തിരുന്നെങ്കിലും ധന വകുപ്പുദ്യോഗസ്ഥര്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് സതീശന്‍ ചൂണ്ടിക്കാട്ടിയത്. ഇതിന്റെ മിനിറ്റ്‌സ് എജി അയച്ചുവെന്ന് തെളിയിക്കാം. പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മറ്റിചെയര്‍മാനായ തനിക്ക് രേഖകള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടില്ലെന്നും സതീശന്‍ പറഞ്ഞു.
നിങ്ങളിലൂടെ എത്രരേഖകളാണ് സിഎജിയുടേതായി പുറത്തുവിട്ടിട്ടുളളതെന്നും കാര്യങ്ങള്‍ പരിശോധിച്ചാല്‍ കളികള്‍ മനസിലാകുമെന്നും മന്ത്രി തിരിച്ചടിച്ചു. പ്രതിഷേധവുമായി എഴുന്നേറ്റ സതീശന്‍ സിഎജിയെ മന്ത്രി അപനിക്കുന്നുവെന്നാവര്‍ത്തിച്ചു. താനോ മറ്റാരെങ്കിലുമോ എജിയുടെ ഏതെങ്കിലും ഔദ്യോഗിക രേഖ പുറത്തുവിട്ടെന്ന് തെളിയിക്കാന്‍ അദ്ദേഹം വെല്ലുവിളിച്ചു.
റിപ്പോര്‍ട്ട് സഭയിലെത്തിയപ്പോള്‍ പ്രതിരോധത്തിലാവുമെന്ന് മനസിലാക്കി ആദ്യമേ കടന്നാക്രമിക്കുകയെന്ന തന്ത്രമാണ് ഐസക്ക് പയറ്റിയത്. സിഎജി ഏകപക്ഷീയമായാണ് നിഗമനത്തിലെത്തിയതെന്ന മന്ത്രിയുടെ വാദം തെറ്റിദ്ധരിപ്പിക്കാനാണ് റിപ്പോര്‍ട്ടില്‍ കിഫ്‌ബിയുടെ വിശദീകരണവും സിഎജി നല്‍കിയിട്ടുണ്ട്. ആര്‍ബിഐയുടെ അനുമതിയെപ്പോലും മന്ത്രി തെറ്റായി വ്യാഖാനിച്ചെന്നും സതീശന്‍ കുറ്റപ്പെടുത്തി.

