കൊച്ചി: കരിപ്പൂര്‍ വിമാനത്താവളത്തിലെ കസ്‌റ്റംസ് സൂപ്രണ്ടിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉളളതായി രഹസ്യ റിപ്പോര്‍ട്ട്. കേരളത്തിലേയും കര്‍ണ്ണാടകത്തിലേയും സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുടെ സ്വന്തക്കാരനാണ് കസ്‌റ്റംസ് സൂപ്രണ്ട് എന്നാണ് പ്രധാന ആരോപണം. ഇതുസംബന്ധിച്ച് ഡയറക്ട്രേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സും(ഡിആര്‍ഐ), ഇന്റലിജന്‍സ് ബ്യൂറോയും(ഐബി) റിപ്പോര്‍ട്ടുചെയ്‌തു. കസ്‌റ്റംസ് നടത്തിയ പ്രഥമീക അന്വേഷണത്തില്‍ ഇവരുടെ കണ്ടെത്തലുകള്‍ ശരിയാണെന്ന് ബോധ്യപ്പെടുകയും ചെയ്‌തിരുന്നു. . കസ്‌റ്റംസിന്റെ ഇന്റലിജന്‍സ് വിഭാഗം മൂന്നുതവണ ഈ ഉദ്യേഗസ്ഥനെതിരെ റിപ്പോര്‍ട്ടുനല്‍കിയിട്ടും നടപടിയെടുത്തില്ല.
കരിപ്പൂരിലെ കസ്‌റ്റംസ് സൂപ്രണ്ടിന്റെ നീക്കങ്ങളില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയത് കഴിഞ്ഞ ജനുവരി മുതലാണ്. കളളക്കടത്തുകാരെ പിടികൂടുമ്പോള്‍ ബാഗേജ് പരിശോധന പെട്ടെന്ന് അവസാനിപ്പിക്കാന്‍ ഈ ഉദ്യോഗസ്ഥന്‍ നിരന്തരം ഇടപെടുന്നതാണ് സംശയത്തിന് കാരണം. കസ്റ്റംസ് ജോയിന്റ് കമ്മീഷണറോട് ഇക്കാര്യം ഇന്റലിജന്‍സ് സൂചിപ്പിക്കുകയും ഉദ്യോഗസ്ഥനെ സൂക്ഷ്‌മമായി നിരീക്ഷിക്കാന്‍ നിര്‍ദ്ദേശിക്കുകും ചെയ്‌തിരുന്നു.
കളളക്കടത്തില്‍ പിടിക്കപ്പെടുന്നവരെ സൂപ്രണ്ട് അദ്ദേഹത്തിന്‍റെ ഓഫീസ് മുറിയിലേക്ക് സ്ഥിരമായി കൂട്ടികൊണ്ടുപോകുന്നതായി കണ്ടെത്തി. പക്ഷെ രേഖമൂലമുളള തെളിവുകള്‍ ശേഖരിക്കാനായില്ല. ലോക്ക് ഡൗണിന് ശേഷം സഹ പ്രവര്‍ത്തകനായ ബാഗേജുകളുടെ എക്‌സ്‌റേ പരിശോധന നടത്താറുളള മറ്റൊരുദ്യോഗസ്ഥനെ സ്വാധീനിക്കാന്‍ ശ്രിച്ചിരുന്നതായും മൊബൈല്‍ ഫോണുകള്‍ കടത്താന്‍ കൂട്ടുനില്‍ക്കണമെന്ന ആവശ്യപ്പെട്ടിരുന്നതായും ഇന്റലിജന്‍സിനോട് ഈ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയിരുന്നു.
ഈ ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടിയിരുന്ന യാത്രക്കാരെ പരിശോധിക്കുമ്പോള്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ചിരുന്ന സ്വര്‍ണ്ണം കണ്ടെത്തിയിരുന്നു. കൊച്ചി വിമാനത്താവളത്തില്‍ കളളക്കടത്ത സ്വര്‍ണ്ണവുമായി എത്തുന്ന യാത്രക്കാരെക്കുറിച്ചും ഇയാള്‍ വിവരം നല്‍കിയിരുന്നു. ഉദ്യോഗസ്ഥര്‍ മുഴുവന്‍ ഈ യാത്രക്കാരുടെ പിന്നാലെ പോകുമ്പോള്‍ വന്‍തോതില്‍ സ്വര്‍ണ്ണം കടത്തിയിരുന്നവര്‍ കാര്യമായ പരിശോധനകൂടാതെ കടന്നുപോയിരുന്നു. സ്വര്‍ണ്ണക്കടത്തുസംഘത്തിലെ സ്വന്തക്കാരെ വിമാനത്താവളത്തില്‍ നിന്ന് പുറത്തുകടക്കാന്‍ സൂപ്രണ്ട് ഉപയോഗിച്ചിരുന്ന തന്ത്രമായിരുന്നു ഇത്തരം ഇന്‍ഫോര്‍മാര്‍. ഈയാള്‍ ചൂണ്ടിക്കാണിച്ചിരുന്ന സ്വര്‍ണ്ണക്കടത്തുകാരില്‍ 90 ശതമാനവും കര്‍ണ്ണാടക ഭട്‌കലില്‍ നിന്നുളളവരായിരുന്നു.
കരിപ്പൂരില്‍ ഇറങ്ങി കര്‍ണ്ണാടകത്തിലേക്ക് പോകുന്നവരില്‍ നിന്ന് കര്‍ണ്ണാടക പോലീസ് സ്ഥിരമായി സ്വര്‍ണ്ണം പിടികൂടുന്നത് മംഗളൂരു ഡിആര്‍ഐ യുടെ ശ്രദ്ധയില്‍ പെട്ടു. ഇവരെ ചോദ്യം ചെയ്‌തപ്പോള്‍ കരിപ്പൂരിലെ ഒരു കസ്‌റ്റംസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെയാണ് കടത്തെന്ന് വ്യക്തമായി. കര്‍ണ്ണാടക പോലീസ് വന്‍തോതില്‍ സ്വര്‍ണ്ണം പിടിച്ച ദിവസങ്ങളില്‍ കരിപ്പൂരില്‍ ചെറിയതോതിലുളള കളളക്കടത്ത് സ്വര്‍ണ്ണം പിടിച്ചിരുന്നതായി കണ്ടെത്തി.
കരിപ്പൂരിലെ കസ്‌റ്റംസ് സൂപ്രണ്ടിന്റെ ഫോട്ടോ ഇവരെ കാണിച്ചപ്പോള്‍ അവര്‍ തിരിച്ചറിഞ്ഞിരുന്നു. ഇതോടെയാണ് ഈ ഉദ്യോഗസ്ഥനെ വിമാനത്താവളത്തില്‍ നിന്ന മാറ്റണമെന്ന് ചൂണ്ടിക്കാട്ടി കരിപ്പൂര്‍ കസറ്റംസ് ഇന്റലിജന്‍സ് ഉന്നതര്‍ക്ക് റിപ്പോര്‍ട്ട് അയച്ചത്.ഇതിന്മുമ്പും ഇയാള്‍ക്കെതിരെ കസറ്റംസ് ഉന്നതര്‍ക്ക് പരാതി നല്‍കിയിരുന്നു. പക്ഷെ തുടര്‍ നടപടി ഉണ്ടായില്ല. സിബിഐ റെയ്‌ഡ് നടക്കുമ്പോഴും ഇയാള്‍ കരിപ്പൂരില്‍ സൂപ്രണ്ടായി തുടരുകയായിരുന്നു.

