ന്യൂഡല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)യുടെ ചോദ്യം ചെയ്യല്ലിന് ഹാജരാവില്ലെന്ന് കര്‍ഷക സംഘടന നേതാവ് ബല്‍ദേവ് സിങ് സിര്‍സ. ഞായറാഴ്ച(17/01/21) ഹാജരാകാന്‍ അദ്ദേഹത്തിന് ദേശീയ അന്വേഷണ ഏജന്‍സി നോട്ടീസ് നല്‍കിയിരുന്നു. പ്രക്ഷോഭം അട്ടിമറിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് അദ്ദേഹം ആരോപിച്ചു.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രതിഷേധിക്കുന്ന ലോക് ഭലായ് ഇന്‍സാഫ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ (എല്‍ബിഐഡബ്ല്യുഎസ്) പ്രസിഡന്റ് കൂടിയാണ് സിര്‍സ. സിഖ്സ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്ജെ) എന്ന സംഘടനയ്ക്ക് എതിരായ കേസില്‍ ഞായറാഴ്ച ഡല്‍ഹിയിലെ എന്‍ഐഎ ആസ്ഥാനത്ത് ഹാജരാകാനാണ് നോട്ടീസില്‍ പറയുന്നത്.
യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഖ് ഫോര്‍ ജസ്റ്റിസുമായി ബന്ധമുള്ള പഞ്ചാബ് സ്വദേശികള്‍ക്കെതിരെയാണ് എന്‍ഐഎ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ വിനോദ യാത്ര ബസ് ഓപ്പറേറ്റര്‍, ചെറുകിട വ്യവസായികള്‍, കേബിള്‍ ടി.വി ഓപ്പറേറ്റര്‍മാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടും. കൂടാതെ മാധ്യമപ്രവര്‍ത്തകര്‍ക്കും എന്‍.ജി.ഒകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
യുഎസില്‍ സനിന്നുള്ള ഗുര്‍പത്വന്ത് സിങ് പന്നു, യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പരംജീത് സിങ് പമ്മ, കാനഡയിലെ ഹര്‍ദീപ് സിങ് നിജ്ജാര്‍ എന്നിവര്‍ക്കെതിരെയാണ് ഡിസംബര്‍ 15ന് ഡല്‍ഹിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സിഖ് ഫോര്‍ ജസ്റ്റിസിന്റെ തലവനാണ് പന്നു.
എസ്എഫ്ജെയെ പോലെയുള്ള ഖലിസ്ഥാനി സംഘടനകള്‍ സന്നദ്ധ സംഘടനകള്‍ക്ക് ധനസഹായം നല്കി ഭീകരവാദം വളര്‍ത്താന്‍ ശ്രമിക്കുകയാണെന്നാണ് എന്‍ഐഎ അവകാശപ്പെടുന്നത്. ഇക്കഴിഞ്ഞ മാസങ്ങളില്‍ നിരോധിത ഖലിസ്ഥാനി സംഘടനകളിലെ അംഗങ്ങള്‍, കര്‍ഷക പ്രതിഷേധത്തിന് പിന്തുണയുമായി അമേരിക്ക, കാനഡ, യുകെ എന്നിവിടങ്ങളിലെ എംബസികള്‍ക്കു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

