വയനാട്: പുൽപ്പള്ളി പാളക്കൊല്ലി നിവാസി സി.കെ. രാജി നിയമന ഉത്തരവ് കൈപ്പറ്റിയപ്പോൾ യാഥാർത്ഥ്യമായത് കാലങ്ങളായി കാത്തിരുന്ന സ്വപ്നമാണ്. കൂലിപ്പണി ചെയ്ത് ഉപജീവനം മാർഗം കണ്ടെത്തിയിരുന്ന രാജിയ്ക്കും കുടുംബത്തിനും സ്ഥിരമായൊരു തൊഴിൽ എന്നത് സ്വപ്നം മാത്രമായിരുന്നു. എന്നാൽ സർക്കാർ സംവിധാനമായ പോലീസ് വകുപ്പിൽ നിയമനം ലഭിച്ചത് അഭിമാന നിമിഷം തന്നെയായി. 23 കാരിയായ രാജിയ്ക്ക് രണ്ട് സഹോദരിമാരാണുള്ളത്. അവരുടെ പഠനവും ഇനി രാജിയുടെ കൈകളിൽ ഭദ്രമാണ്.
രാജിയെപ്പോലെ 85 പേരാണ് ജില്ലയിൽ കാക്കിക്കുള്ളിൽ ജീവിതം ഭദ്രമാക്കാൻ ഒരുങ്ങുന്നത്. അടിസ്ഥാന വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടും കൂലിപ്പണി ചെയ്ത് ഉപജീവനം കണ്ടെത്തേണ്ടി വന്നവർക്കാണ് പ്രത്യേക നിയമനത്തിലൂടെ സർക്കാർ സംവിധാനത്തിൽ തൊഴിൽ ലഭിച്ചത്. വനാതിർത്തിയിൽ താമസിക്കുന്നതിനാൽ സാങ്കേതിക സംവിധാനം പൂർണ്ണമായും ലഭ്യമാകാത്ത സാഹചര്യത്തിൽ നേരിട്ടാണ് അപേക്ഷകൾ സ്വീകരിച്ചത്. കായികക്ഷമതാ പരിശോധനയും കൂടിക്കാഴ്ച്ചയും നടത്തിയ ശേഷമാണ് നിയമന നടപടികൾ പൂർത്തിയാക്കിയത്.

