തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വോട്ടെടുപ്പ് തിരിച്ചടിയെത്തുടർന്ന് സ്വീകരിക്കേണ്ട തിരുത്തൽ നടപടികളെക്കുറിച്ച് പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധിയുമായി ചർച്ച നടത്തുന്നതിന് കെപിസിസി നേതൃത്വത്തിലെ മൂന്ന് പേരെ എ ഐ സി സി നേതൃത്വം തിങ്കളാഴ്ച (18/01/21) ദില്ലിയിലേക്ക് വിളിപ്പിച്ചു.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവരുമായി ഈ ആഴ്ച കൂടിക്കാഴ്ച നടത്താൻ എ ഐ സി സി നേതൃത്വം തീരുമാനിച്ചിരുന്നൂവെങ്കിലും നിയമസഭയുടെ ബജറ്റ് സമ്മേളനത്തെ തുടർന്ന് മാറ്റി വയ്ക്കുകയായിരുന്നു.
കേരളത്തിലെ സംഭവ വികാസങ്ങളിൽ സോണിയാ ഗാന്ധി അതൃപ്തയാണ് എന്നാണ് സൂചന.
കേരളത്തിലെ കോൺഗ്രസ് നേതാക്കളുമായും യുഡിഎഫ് സഖ്യകക്ഷികളുമായും നിരവധി തവണ ചർച്ച നടത്തിയ സംസ്ഥാന ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവർ ജനുവരി 15 ന് മുമ്പ് ഡിസിസികളെ നവീകരിക്കാമെന്ന് വാഗ്ദാനം നൽകിയിരുന്നു. എന്നാൽ ഇതും നടന്നിട്ടില്ല.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കാസർഗോഡ് എന്നിവിടങ്ങളിലെ ഡിസിസി പ്രസിഡന്റുമാരെ മാറ്റണമെന്ന് മുല്ലപ്പള്ളിയും ‘എ’ ഗ്രൂപ്പും ആവശ്യപ്പെട്ടിട്ടുണ്ട്.
തുടക്കത്തിൽ ചെന്നിത്തല, ഉമ്മൻ ചാണ്ടി , മുല്ലപ്പള്ളി എന്നീ മൂന്ന് നേതാക്കളെയും മുൻനിർത്തിയുള്ള രീതിയിലാണ് കേരളയാത്ര വിഭാവനം ചെയ്തിരുന്നത്. എന്നാൽ പിന്നീട് ഇതിൽ മാറ്റം വന്നിട്ടുണ്ട്.
കാർഷിക നിയമങ്ങൾക്കെതിരായ രാജ്ഭവൻ മാർച്ചിൽ പങ്കെടുക്കാൻ എ.ഐ.സി.സി സംഘാടക ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ശനിയാഴ്ച (16/01/21) തിരുവനന്തപുരത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം, ക്രിസ്ത്യൻ മെത്രാന്മാരുമായി കൂടിക്കാഴ്ച നടത്തുന്ന ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പിന്തുണ തേടി ഈ ആഴ്ച തന്നെ എൻഎസ്‌എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ കാണാനും തീരുമാനിച്ചിരുന്നു.

