ചണ്ഡിഗഡ്: മുൻ ബിജെപി മന്ത്രിയുടെ വീടിന് പുറത്ത് ചാണകം നിക്ഷേപിച്ച കർഷക പ്രക്ഷോഭകർക്കെതിരായ 307 വകുപ്പ് പിൻവലിക്കാൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് ഉത്തരവിട്ടു.
‘കൊലപാതകശ്രമം’ ചുമത്തി കേസ് രജിസ്റ്റർ ചെയ്ത എസ്എച്ച്ഒയെ സ്ഥലം മാറ്റാനും സിംഗ് ഉത്തരവിട്ടു.
“സംഭവം ഒരു പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ചു വരികയാണ്. ഐപിസി സെക്ഷൻ 307 പ്രകാരം കേസ് രജിസ്റ്റർ ചെയ്ത എസ്എച്ച്ഒ യുടെ നടപടി അംഗീകരിക്കാനാകില്ല” മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രത്തിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരായി പ്രതിഷേധിക്കുന്ന ചില കർഷകരാണ് പഞ്ചാബ് ബിജെപി നേതാവ് തിക്ഷാൻ സുദിന്റെ ഹോഷിയാർപൂരിലെ വീടിന് മുന്നിൽ ചാണകം ട്രോളിയിൽ ഇറക്കിയത്. കേന്ദ്രത്തിനെതിരെ സംഘം മുദ്രാവാക്യങ്ങളും മുഴക്കിയിരുന്നു.
സംയമനം പാലിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി പ്രതിഷേധക്കാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. പുതിയ കാർഷിക നിയമങ്ങളിൽ പ്രതിഷേധിക്കുന്നവർ നിയമം കയ്യിൽ എടുക്കരുതെന്ന് മുഖ്യമന്ത്രി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം കർഷകരുടെ സമാധാനപരമായ പ്രക്ഷോഭത്തിന് അവ മതിപ്പുണ്ടാക്കുമെന്നും സമരത്തിന്റെ ലക്ഷ്യത്തെ പരാജയപ്പെടുത്തുമെന്നും സിംഗ് പറഞ്ഞിരുന്നു.

