മറയൂര്‍: വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിരപരാധികളെ കുറ്റക്കാരാക്കുന്നതായി ആരോപിച്ച് വീഡിയോ ചിത്രീകരിച്ച ശേഷം ആദിവാസി യുവാവ് ജീവനൊടുക്കി
.
ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളിലെ പാളപ്പെട്ടി മലപുലയ ഊരിലെ കുട്ടന്റെയും ഇന്ദിരയുടെയും മകന്‍ കാര്‍ത്തിക്കാണ് (19) മരിച്ചത്.
5-1-2021 ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് കാര്‍ത്തിക്കിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് തൊട്ടുമുമ്പ് സ്വന്തം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച വീഡിയോ സുഹൃത്തുക്കള്‍ക്ക് അയച്ചിരുന്നു.
ചന്ദന മോഷണവുമായി ബന്ധപ്പെട്ട് മാസങ്ങൾക്ക് മുമ്പ് വനപാലകര്‍ കാര്‍ത്തിക്കിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. പുറത്തിറങ്ങിയ കാര്‍ത്തിക് കടുത്ത മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്ന തായി സുഹൃത്തുക്കള്‍ പറഞ്ഞു. ഈ കേസില്‍ നിരപരാധിയാണെന്ന് കാര്‍ത്തിക് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.
ഒരാഴ്ച മുമ്പ് മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഡിവിഷനിലെ ചിന്നാറില്‍ പാളപ്പെട്ടി ഭാഗത്ത് നിന്ന് ചന്ദനം മോഷണം പോയിരുന്നു. ഈ കേസില്‍ പ്രതികളെ ആരെയും പിടി കൂടാന്‍ വനപാലകര്‍ക്ക് കഴിഞ്ഞില്ല. ഇതോടെ കാര്‍ത്തിക്കിനെ വീണ്ടും വേട്ടയാടാൻ ശ്രമിച്ചതിനെ തുടര്‍ന്നാണ് കാർത്തിക്ക് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറയുന്നു.
തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയ വിവരം പൊലീസില്‍ അറിയിച്ച് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും എത്തിയില്ലെന്നും ആരോപണമുണ്ട്. ഒടുവിൽ സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്ന് മൃതശരീരം താഴെ ഇറക്കി മറയൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചു. അവിടെ വച്ചാണ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമാര്‍ട്ടം നടപടികള്‍ക്കായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സഹോദരന്‍: അഭിഷേക്.

