ന്യൂഡല്‍ഹി: രാജ്യത്തെ ഉല്‍പ്പന്നങ്ങള്‍ക്കായുള്ള ഹലാല്‍ സര്‍ട്ടിഫിക്കേഷനെതിരെ ഹിന്ദു വലതുപക്ഷ ഗ്രൂപ്പുകളും സിഖ് സംഘടനകളും നടത്തിയ സോഷ്യല്‍ മീഡിയ പ്രചാരണത്തെ തുടര്‍ന്ന് ഭക്ഷ്യ ഉല്‍പ്പന്ന കയറ്റുമതി അതോറിറ്റി (അപെഡ)അതിന്റെ ‘റെഡ് മീറ്റ് മാനുവലില്‍’ നിന്ന് ഹലാല്‍ എന്ന വാക്ക് നീക്കംചെയ്തു. എന്നാല്‍ ഈ നടപടിയ്ക്ക് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു നിര്‍ദേശവും പങ്കുമില്ലെന്നും അപെഡ വ്യക്തമാക്കി.ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ / ഇറക്കുമതിക്കാരില്‍ ഭൂരിപക്ഷത്തിന്റെയും ആവശ്യത്തെ തുടര്‍ന്നാണ് നടപടി. ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ ഏജന്‍സികള്‍ക്ക് ബന്ധപ്പെട്ട ഇറക്കുമതി രാജ്യങ്ങള്‍ നേരിട്ടാണ് അംഗീകാരം നല്‍കുന്നത്. സര്‍ക്കാരിനോ സര്‍ക്കാര്‍ ഏജന്‍സിക്കോ ഇതില്‍ പങ്കില്ലെന്നും അവര്‍ വ്യക്തമാക്കി.
മുമ്പത്തെ റെഡ് മീറ്റ് മാനുവല്‍ ”ഇസ്ലാമിക രാജ്യങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഹലാല്‍ രീതി അനുസരിച്ച് മൃഗങ്ങളെ അറുക്കുന്നു” എന്ന് എഴുതാറുണ്ടായിരുന്നു. ”ഇസ്ലാമിക ശരീഅത്തിന്റെ സിദ്ധാന്തമനുസരിച്ച് (എ) അംഗീകൃതവും രജിസ്റ്റര്‍ ചെയ്തതുമായ ഇസ്ലാമിക് ബോഡിയുടെ കര്‍ശന ജാഗ്രതയിലാണ് ഹലാല്‍ സമ്പ്രദായത്താല്‍ മൃഗങ്ങളെ അറുക്കുന്നത്. രജിസ്റ്റര്‍ ചെയ്ത ഇസ്ലാമിക് ബോഡിയുടെ പ്രതിനിധിയാണ് ഹലാലിനുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്, ഇറക്കുമതി ചെയ്യുന്ന രാജ്യത്തിന്റെ ആവശ്യകത നിറവേറ്റുന്നതിനായി അറുപ്പാനുള്ള മേല്‍നോട്ടത്തിലാണ്. ‘-എന്നീ വരികളും മാനുവലില്‍ നിന്ന് ഇല്ലാതാക്കിയിട്ടുണ്ട്. 2019-20 ല്‍ ഇന്ത്യ 22,668.48 കോടി രൂപയുടെ എരുമ ഇറച്ചിയാണ് കയറ്റുമതി ചെയ്തത്. വിയറ്റ്‌നാം (7,569.01 കോടി രൂപ), മലേഷ്യ (2,682.78 കോടി രൂപ), ഈജിപ്ത് (2,364.89 കോടി രൂപ), ഇന്തോനേഷ്യ (1,651.97 കോടി രൂപ), സൗദി അറേബ്യ (873.56 കോടി രൂപ), ഹോങ്കോംഗ് (857.26 കോടി രൂപ), മ്യാന്‍മര്‍ (669.20 കോടി രൂപ), യുഎഇ (604.47 കോടി രൂപ) എന്നിങ്ങനെയാണ് ഇറച്ചി കയറ്റുമതിയുടെ കണക്ക്

