കൊല്‍ക്കത്ത: ബിസിസിഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയ്ക്ക് ഹൃദയാഘാതമുണ്ടായത് രാഷ്ട്രീയത്തില്‍ ചേരാനുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന് സിപിഐഎം നേതാവ് അശോക് ഭട്ടാചാര്യ. ചിലര്‍ രാഷ്ട്രീയമായി ഗാംഗുലി ഉപയോഗിക്കാന്‍ ശ്രമിച്ചു. അദ്ദേഹത്തിന് അത് വലിയ സമ്മര്‍ദ്ദമാണുണ്ടാക്കിയതെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളില്‍ നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗാംഗുലി ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.പക്ഷേ, ഗാംഗുലി വിഷയത്തില്‍ പ്രതികരിച്ചിരുന്നില്ല. അതിനിടെ ഭട്ടാചാര്യയ്‌ക്കെതിരേ ബിജെപി രംഗത്തെത്തി. ചില ആളുകള്‍ അവരുടെ മനോനിലയ്ക്കുള്ള അസുഖം കാരണം എല്ലാത്തിലും രാഷ്ട്രീയം കാണുന്നു. ഗാംഗുലിയുടെ ദശലക്ഷക്കണക്കിന് ആരാധകരെ പോലെ, അദ്ദേഹം പൂര്‍ണമായി സുഖം പ്രാപിക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത് എന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് പറഞ്ഞത്.
ശനിയാഴ്ച രാവിലെ വീട്ടിലെ ജിംനേഷ്യത്തില്‍ വ്യായാമം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഗാംഗുലിയെ കൊല്‍ക്കത്തിയിലെ വുഡ്ലാന്‍ഡ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗാംഗുലിക്ക് നെഞ്ചുവേദന, ഛര്‍ദ്ദി, തലകറക്കം എന്നിവ അനുഭവപ്പെട്ടിരുന്നു. നേരത്തെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആശുപത്രിയില്‍ എത്തി ഗാംഗുലിയെ സന്ദര്‍ശിച്ചിരുന്നു.

