നിവിൻ പോളി – എബ്രിഡ് ഷൈൻ ചിത്രത്തിലേക്ക് പുതുമുഖങ്ങൾക്ക് അവസരം

നിവിനും എബ്രിഡ് ഷൈനും ഒന്നിക്കുന്ന ചിത്രത്തിൽ മലയാളത്തിലെ പ്രമുഖതാരങ്ങൾക്കൊപ്പം അഭിനയിക്കാൻ പുതുമുഖങ്ങൾക്കും അവസരം. നായിക ഉൾപ്പെടെയുള്ള ഒരു കൂട്ടംപേരെയാണ് തേടുന്നത്. 1983, ആക്ഷൻ ഹീറോ ബിജു എന്നീ ചിത്രങ്ങൾക്ക് ശേഷം നിവിനും ഷൈനും ഒന്നിക്കുന്ന ചിത്രമാണിത് . പോളി ജൂനിയറിന്റെ ബാനറിൽ നിവിൻപോളി നിർമിക്കുന്ന പുതിയ സിനിമയെ മുൻനിർത്തി സംവിധായകൻ എബ്രിഡ് ഷൈൻ സംസാരിക്കുന്നു.

പുതുമുഖങ്ങൾക്ക് അവസരം നൽകാനുള്ള തീരുമാനത്തെക്കുറിച്ച് പറയുന്ന ഷൈൻ തന്റെ മുൻ ചിത്രങ്ങളായ ആക്ഷൻഹീറോ ബിജുവിലും പൂമരത്തിലും കുങ്ഫു മാസ്റ്ററിലുമെല്ലാം പുതുമുഖങ്ങൾക്ക് അവസരം നൽകിയിട്ടുണ്ട്. നിവിൻ പോളി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ സിനിമയിൽ പരിചയസമ്പന്നരായ ഒരുകൂട്ടം അഭിനേതാക്കൾക്കൊപ്പമാണ് പുതുമുഖങ്ങളെ അവതരിപ്പിക്കുക.

സിങ്ക് സൗണ്ടിൽ റെക്കോഡ് ചെയ്യുന്നതിനാൽ മലയാളം അനായാസം വായിക്കാനും സംസാരിക്കാനും അറിയുന്ന 20 നും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീ കഥാപാത്രങ്ങളെയും 30 നും 55 നും ഇടയിൽ പ്രായമുള്ള പുരുഷ കഥാപാത്രങ്ങളെയും അവതരിപ്പിക്കാൻ പാകത്തിലുള്ളവരെ യാണ് അന്വോഷിക്കുന്നത് .

ഓഡിഷൻ പ്രഹസനമാണെന്നും,അഭിനേതാക്കളെ മനസ്സിലുറപ്പിച്ച ശേഷം പബ്ലിസിറ്റിസ്റ്റൻഡിന്റെ ഭാഗമായാണ് പലപ്പോഴും കാസ്റ്റിങ് കോളുകൾ നടത്തുന്നതെന്നും പൊതുവായൊരു അടക്കം പറച്ചിലുണ്ട്.
എന്റെ മുൻ ചിത്രങ്ങളിൽ അഭിനയിച്ച ഒരുപാട് പേർ ഓഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ടവരാണ്. അവരിൽ പല​രെയും ഞാൻ ആദ്യമായി കാണുന്നത് ഓഡീഷനിലിലാണ്. ആക്ഷൻഹീറോ ബിജുവിലെ അരിസ്റ്റോ സുരേഷ് ഉൾപ്പെടെയുള്ള ഒട്ടേറെപ്പേർ, പൂമരത്തിലെ കുട്ടികൾ, അവരെയൊന്നും ആ സിനിമകൾക്ക് മുൻപ് പരിചയമേ ഉണ്ടായിരുന്നില്ല. കഥാപാത്രത്തിന് അനുയോജ്യമായവർ എന്നനിലയിലാണ് എല്ലാവരേയും തിരഞ്ഞെടുത്തത്.

ഓഡിഷനിൽ പങ്കെടുക്കാൻ വരുന്നവർ മിടുക്കൻമാരും നല്ല ശബ്ദവും പാട്ടുപാടാനും നൃത്തം ചെയ്യാനും അഭിനയിക്കാനും കഴിവുള്ളവരായിരിക്കും. അവസരം കിട്ടാതെ വരുമ്പോൾ അവർ കരുതുക എനിക്ക് എല്ലാ ഗുണങ്ങളും ഉണ്ടല്ലോ എന്നിട്ടും എന്തുകൊണ്ട് വിളിച്ചില്ല എന്നാകും. എന്തുകുറവിന്റെ പേരിലാണ് മാറ്റിനിർത്തപ്പെട്ടത് എന്നാകും ചിന്തിക്കുക. അത്തരം ചിന്തയാകും ഇതെല്ലാമൊരു തട്ടിപ്പാണെന്ന ബോധത്തിലേക്ക് പലരേയും എത്തിക്കുന്നത്.

കഥാപാത്രത്തിന്റെ രൂപം വ്യക്തമാക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ കൂടുതലായി കാസ്റ്റിങ് കോളിനൊപ്പം ചേർക്കാൻ കഴിയില്ല. എങ്കിലും ആവശ്യമുള്ള രൂപം സൂക്ഷ്മമായി വിവരിച്ചാൽ അതുചിലപ്പോൾ ബോഡി ഷൈയിമിങ്ങായി വ്യാഖ്യാനിക്കപ്പെടാം. അതുകൊണ്ടാണ് ഇത്രവയസ്സിനിടയിലുള്ള സ്ത്രീ,പുരുഷൻ എന്നെല്ലാം ജനറലായി പറഞ്ഞുപോകുന്നത്.തിരക്കഥയ്ക്കൊപ്പം അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ച് കൃത്യമായ കുറിപ്പുകളുണ്ടാവുകയും ചെറുകഥയിലും നോവലിലുമെല്ലാം വാക്കുകൾകൊണ്ട് കഥാപാത്രത്തെ വരച്ചു​ വെക്കുന്നത് പോലെ കഥ ഭംഗിയോടെ അവതരിപ്പിക്കാൻ ആവശ്യമായ രൂപങ്ങളെയാണ് പലപ്പോഴും ഓഡിഷനിലൂടെ തേടുന്നത്.

പുതുമുഖങ്ങളെ അണിനിരത്തിയുള്ള ചിത്രീകരണം എത്രത്തോളം വെല്ലുവിളിനിറഞ്ഞതാണെന്നും പരിചയസമ്പന്നരായ അഭിനേതാക്കളെ ഉൾപ്പെടുത്തിയും പുതിയ മുഖങ്ങളെ ചേർത്തു​ വെച്ചും സിനിമ ചിത്രീകരിക്കുന്നത് രണ്ടുതരത്തിലുള്ള അനുഭവമാണ് നൽകുന്നതെന്നും പ്രൊഫഷണലായുള്ള അഭിനേതാക്കൾ എത്തുമ്പോൾ അവരുടെ പരിചയവും ക്യാമറയ്ക്കുമുന്നിൽ നിന്നു നേടിയ അറിവുകളുമെല്ലാം ചിത്രീകരണത്തിന് വലിയ ഗുണം ചെയ്യുമെന്നും ചെറിയവിവരണത്തിലൂടെ കാര്യങ്ങൾ പിടിച്ചെടുത്ത് നമ്മൾ ഉദ്ദേശിച്ചതിലും മുകളിലേക്ക് അവർ സീനുകളെ എത്തിക്കുമെന്നും,സംവിധായകനെ സംബന്ധിച്ചിടത്തോളം ഇത്തരം ആളുകൾക്കൊപ്പം ജോലിചെയ്യുമ്പോൾ ചിത്രീകരണം വേഗത്തിൽ മുന്നോട്ടുപോകുമെന്നും എബ്രിൻഷൈൻ പറഞ്ഞു .

ആക്ഷൻ ഹീറോ ബിജുവിലെ സുരാജ് വെഞ്ഞാറമൂടിൻ്റെ സീനുകളെല്ലാം ഒറ്റഷോട്ടിൽ ഓക്കെയായി. സ്വാഭാവിക പ്രകടനത്തിലൂടെ അദ്ദേഹം ഞെട്ടിച്ചു. പരിചയം, ശീലം എന്നിവയെല്ലാം ഇവിടെ നേട്ടമാകുകയായിരുന്നു. അത്തരം അഭിനേതാക്കളെ വിളിക്കുമ്പോൾതന്നെ പ്രകടനത്തിനൊരു ഗാരന്റി ഉണ്ടാകും.

പുതിയ മുഖങ്ങൾ വരുമ്പോൾ അവരിൽ നിന്ന് കാര്യങ്ങൾ കൃത്യമായി ഉദ്ദേശിച്ച തലത്തിൽ ലഭിക്കാൻ അല്പംകൂടി അധ്വാനിക്കേണ്ടിവരും. ചിത്രീകരണത്തിന്റെ രീതിയും മറ്റും പഠിച്ചെടുക്കാനുള്ള സമയം നൽകണം. പൂമരം ചിത്രത്തിലെ പുതിയ കുട്ടികളും ആക്ഷൻ ഹീറോ ബിജുവിലെ അരിസ്റ്റോ സുരേഷ്, ബേബി, മരിയ എന്നിവരെല്ലാം സ്വാഭാവികമായി കഥാപാത്രത്തെ അവതരിപ്പിച്ചു, എന്നാൽ, അതിനെല്ലാം പിറകിൽ വലിയൊരു ടീം വർക്കുണ്ടായിരുന്നു
. സിനിമയിൽ ഇത്തരത്തിലുള്ള രണ്ടു പ്രകടനങ്ങളും പ്രേക്ഷകരെ ആകർഷിക്കും. പുതിയ സിനിമയിൽ പരിചയസമ്പന്നരുടെയും പുതുമുഖങ്ങളുടെയും ഒരു മിക്സാണ് പരീക്ഷിക്കുന്നത്.
കൊറോണക്കാലത്തെ ഓഡിഷൻ കൊറോണമാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തന്നെയാണ് ഓരോഘട്ടവും കടക്കുന്നത്. ഓൺലൈൻ വഴിയാണ് ഓഡീഷൻ. അനുയോജ്യരെ കണ്ടെത്തിക്കഴിഞ്ഞാൽ പിന്നീട് അവരുടെ ഇടപെടലുകൾ, സംസാര രീതി എന്നിവയെല്ലാം എത്രത്തോളം കഥാപാത്രവുമായി ചേർന്നുവരുന്നുണ്ട്, എന്തെല്ലാം നിർദേശങ്ങൾ നൽകണം, എന്നെല്ലാം തീരുമാനിക്കും. ഓഡീഷനുശേഷം വലിയ അഭിനയശില്പശാലയൊന്നും ഇന്നത്തെ സാഹചര്യത്തിൽ സാധ്യമല്ല, ചിത്രീകരണം ആരംഭിക്കുന്നതിന് രണ്ടോ മൂന്നോദിവസം മുൻപ് എല്ലാവരുമായി ചേർന്നിരിക്കും. ഓഡീഷനിലൂടെ തിരഞ്ഞെടുക്കുന്നവരിൽ നിന്ന് യാതൊരു തരത്തിലുള്ള ഫീസ് ഈടാക്കുന്നരീതിയും ഇല്ല.

നിവിൻപോളി ഉൾപ്പെടെ മലയാളത്തിലെ ഒരുപിടി മുൻനിരതാരങ്ങൾ സിനിമയിലുണ്ടാകും. കഥയും തിരക്കഥയും പൂർത്തിയായിക്കഴിഞ്ഞു. അഭിനേതാക്കൾക്കും ലൊക്കേഷനും വേണ്ടിയുള്ള തിരച്ചിലുകൾ പുരോഗമിക്കുകയാണ്. ജനുവരിയിൽ തുടങ്ങാനാണ് ഉദ്ദേശ്യം. ചിത്രീകരണത്തിനായി കോളേജിലൊരു സെറ്റ് ഒരുക്കേണ്ടതുണ്ട്. ജനുവരിയിൽ കോളേജുകൾ തുറക്കുമോ എന്നതെല്ലാം മുൻനിർത്തി ചെറിയ ചിലമാറ്റങ്ങൾ സംഭവിച്ചേക്കാം.

നിവിനും ഞാനും കുറച്ചുകാലമായി ചെയ്യാൻ ആഗ്രഹിച്ച സിനിമയാണിത്. ഇതിന് മുൻപ് സംവിധാനം ചെയ്ത സിനിമകളെല്ലാം അനുഭവത്തിൽ നിന്നും ജീവിതപാഠങ്ങളിൽ നിന്നും കണ്ടെത്തിയ കഥകളായിരുന്നെങ്കിൽ ഇത്തവണ കഥയ്ക്ക് പ്രചോദനമായത് വായിച്ച ഒരു പുസ്തകമാണെന്ന് എബ്രിൻ ഷൈൻ പറഞ്ഞു ,

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →