ജോലി വാഗ്ദാനം ചെയ്ത് യുവതികളെ ഡാൻസ് ബാറിൽ എത്തിച്ച് നൃത്തം ചെയ്യാൻ നിർബന്ധിച്ചു, പ്രതികൾ അറസ്റ്റിൽ

ബാംഗളൂരു: ഓഫീസ് ജോലി വാഗ്ദാനം നല്‍കി യുവതികളെ ബംഗളുരുവിലെ ഡാൻസ് ബാറിൽ എത്തിച്ച് നൃത്തം ചെയ്യാൻ ഭീഷണിപ്പെടുത്തിയ പ്രതികള്‍ അറസ്റ്റില്‍. ഡാൻസ് ബാർ നടത്തിയിരുന്നത് സുനില്‍, ലക്ഷ്മണ്‍, വിക്കി, ദിവ്യ, പൂജാ കുമാര്‍ എന്നിവരാണ്. ഇതിൽ സുനിലിനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കി.

പ്രതികൾ മൂന്ന് യുവതികളെയാണ് ഡാൻസ് ബാറിലെത്തിച്ചത്.
ലോക്ഡൗണിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട യുവതികള്‍ക്ക് ഓഫീസ് ജോലി വാഗ്ദാനം ചെയ്ത് വിളിച്ച് വരുത്തുകയായിരുന്നു. യുവതികളെ ബംഗളൂരു പൊലീസ് രക്ഷപെടുത്തി. യുവതികളെ മൂന്ന് ദിവസം അപ്പാര്‍ട്ട്‌മെന്റില്‍ പൂട്ടിയിട്ടിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ ഫോണുകളും പിടിച്ചെടുത്തിരുന്നു.

ജോലി വാഗ്ദാനം ചെയ്തതിന് ശേഷം ബാംഗ്ലൂരിലെത്താന്‍ വിമാന ടിക്കറ്റ് ഉള്‍പ്പെടെ നല്‍കിയിരുന്നു. 2020 ഡിസംബര്‍ 21നാണ് മൂന്ന് പേരും ബാംഗളൂരുവില്‍ എത്തിയത്. പിറ്റേ ദിവസം തന്നെ വൈറ്റ്ഫീല്‍ഡിന് അടുത്തുള്ള ഡാന്‍സ് ബാറില്‍ ഇവരെ എത്തിച്ച് പുരുഷന്‍മാര്‍ക്ക് മുന്നില്‍ നൃത്തം ചെയ്യാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.

യുവതികൾ എതിർത്തതോടെ ഇവരെ താമസസ്ഥലത്തേക്ക് മാറ്റി. ഇതിനിടെ ഒരു യുവതി തന്ത്രപൂർവം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് ഉടനെത്തി യുവതികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. തുടർന്ന് ഡല്‍ഹിയിലേക്ക് തിരികെ അയച്ചു.

Share
അഭിപ്രായം എഴുതാം