തിരുവനന്തപുരം: നെയ്യാറ്റിന്‍കര സംഭവത്തില്‍ പോലീസ് പ്രതിസ്ഥാനത്ത്. ക്രമസമാധാന പ്രശ്‌നങ്ങളില്ലെങ്കില്‍ സിവില്‍ കേസുകളില്‍ പോലീസ് ഇപെടരുതെന്ന കോടതി ഉത്തരവുകളും , വകുപ്പ് നിര്‍ദ്ദേശങ്ങളും പാലിക്കാതെയാണ് നെയ്യാറ്റിന്‍കരയില്‍ പോലീസ് ഇടപെട്ടതെന്ന പരാതിയുണ്ട്. തര്‍ക്കഭൂമി ഒഴിപ്പിക്കാന്‍ പോലീസ് ധൃതികൂട്ടുകയായിരുന്നുവെന്ന ആക്ഷേപവും നിലനില്‍ക്കുന്നു. ഇതുമൂലം രണ്ട് കുട്ടികള്‍ അനാഥരായി.
സിവില്‍ കേസുകളില്‍ കോടതിയുത്തരവ് നടപ്പിലാക്കേണ്ടത് കോടതി അയക്കുന്ന അമീനാണ്. അല്ലെങ്കില്‍ കോടതി ഉത്തരവ് നടപ്പാക്കണമെന്ന് കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കണം, ഹൈക്കോടതി കേസ് പരിഗണിക്കുന്ന വിവരം അറിഞ്ഞിട്ടും മുനിസിഫ് കോടതി ഉത്തരവിന്റെ പേരില്‍ കുടിയൊഴിപ്പിക്കാന്‍ പോലീസ് ശ്രമിച്ചതാണ് ദുരന്തത്തിനിടയാക്കിയത്.
കഴിഞ്ഞ 21നാണ് ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രാജന്‍ ഹൈക്കോടതിയിലെത്തിയത്. 22ന് ഉച്ചക്ക് ഹര്‍ജി പരിഗണിച്ച ഹൈക്കോടതി മുനിസിഫ് കോടതി ഉത്തരവ് ജനുവരി 15 വരെ സ്റ്റേചെയ്തു. എതിര്‍ കക്ഷിക്ക സ്പീഡ് പോസ്റ്റ് വഴി നോട്ടീസ് അയക്കാനും ഇടക്കാല ഉത്തരവിട്ടു. വിധി വന്ന ദിവസം രാവിലെയാണ് പോലീസ് രാജനേയും കുടുംബത്തേയും ഇറക്കിവിടാനൊരുങ്ങിയത്.
രാജന്റെ വാദം കേള്‍ക്കാതെയുളള എക്‌സ്പാര്‍ട്ടി ഉത്തരവായിരുന്നു മുനിസിഫ് കോടതിയുടേത്. ഇത്തരം ഉത്തരവുകള്‍ തിടുക്കത്തില്‍ നടപ്പാക്കേണ്ടതില്ല. ഈ ഉത്തരവ് നടപ്പാക്കാന്‍ എക്‌സിക്യൂഷന്‍ പെറ്റീഷന്‍ നല്‍കി എക്‌സിക്യൂഷന്‍ ഉത്തരവ് നേടിയെടുത്താലും സാഹചര്യങ്ങള്‍ അന്വേഷിച്ചശേഷമേ കുടിയൊഴിപ്പിക്കല്‍ തുടങ്ങിയ നപടികള്‍ക്ക് പോലീസ് സംരക്ഷണം നല്‍കേണ്ടതുളളു. പ്രതികൂല സാഹചര്യം ചൂണ്ടിക്കാട്ടി സിആര്‍പിസി 145 പ്രകാരം സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് റിപ്പോര്‍ട്ട് നല്‍കാന്‍ പോലീസിന് കഴിയും. ഉത്തരവ് പാലിച്ചില്ലെന്ന കാട്ടി പരാതിക്കാര്‍ വീണ്ടും കോടതിയെ സമീപിക്കുമ്പോഴും പോലീസിന് നിലപാട് അറിയിക്കാന്‍ അവസരമുണ്ട്.
കടിയൊഴിപ്പിക്കാനെത്തിയ പോലീസിനെ പിന്തിരിപ്പിക്കാന്‍ രാജന്‍ ദേഹത്ത് പെട്രോളൊഴിച്ച് കയ്യില്‍ ലൈറ്റര്‍ കത്തിച്ചുപിടിച്ചിരുന്നു. എഎസ്‌ഐ തൊപ്പികൊണ്ട് ലൈറ്റര്‍ തട്ടിത്തെറിപ്പിച്ചപ്പോഴാണ് ദേഹത്ത് തീ പടര്‍ന്നത്. അലക്ഷ്യമായ നടപടികളുടെ ഭാഗമായി ആളുകളെ മരണത്തിലേക്ക് നയിച്ചെന്ന കുറ്റത്തിന് ഐപിസി 304 ചുമത്താനാവുമെന്ന് നിയമ വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ആ നടപടി രക്ഷിക്കാനായിരുന്നുവെന്ന് പോലീസിന് വാദിക്കാം.
ഈ സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു. തെറ്റുകാര്‍ക്കെതിരെ നടപടിയെടുക്കും. പക്ഷെ വിഷയം മുതലെടുക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ദമ്പതികളുടെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. മക്കളുടെ സംരക്ഷണചുമതല സര്‍ക്കാര്‍ ഏറ്റെടുത്ത കാര്യം കടകംപളളി സുരേന്ദ്രനാണ് അറിയിച്ചത്. അന്‍സലന്‍ എംഎല്‍എയും മന്തിക്കൊപ്പം ഉണ്ടായിരുന്നു.

