പ്രഥമ യുവ ശാസ്ത്ര പുരസ്‌കാരത്തിന് അര്‍ഹനായി മലയാളി ഡോ. അജിത് പരമേശ്വരന്‍

ബംഗളൂരു: ഇറ്റലിയിലെ വേള്‍ഡ് അക്കാഡമി ഓഫ് സയന്‍സും ചൈനീസ് അക്കാദമി ഓഫ് സയന്‍സും ചേര്‍ന്ന് നല്‍കുന്ന പ്രഥമ യുവശാസ്ത്ര പുരസ്‌കാരത്തി‌ന് മലയാളി അര്‍ഹനായി . മലപ്പുറം സ്വദേശിയായ ഡോക്ടര്‍ അജിത് പരമേശ്വരനാണ് അഭിമാനാര്‍ഹമായ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. വികസ്വര രാജ്യങ്ങളിലെ മികച്ച ഗവേഷകര്‍ക്ക് നല്‍കുന്നതാണ് ഈ പുരസ്‌കാരം. 45 വയസിന് താഴെ പ്രായമുളള ശാസ്ത്രജ്ഞരെയാണ് പരുസ്‌ക്കാരത്തിനായി പരിഗണിക്കുന്നത് . 73,000 രൂപയാണ് പുരസ്‌കാരം. ഫിസിക്‌സ് , കെമിസ്ട്രി മേഖലയിലെ ഗവേഷകരെയാണ് ഈ വര്‍ഷം പരിഗണിച്ചത്.

ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിന്റെ ഇന്റര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ സയന്‍സിലെ ശാസ്ത്രജ്ഞനാണ് അജിത് പരമേശ്വരന്‍.ആസ്‌ട്രോ ഫിസിക്‌സാണ് ഇദ്ദേഹത്തിന്റെ ഗവേഷണ മേഖല.രണ്ട് തമോദ്വാരങ്ങള്‍ വന്‍സ്‌പോടനത്തിലൂടെ ഒരുമിക്കുമ്പോള്‍ ഉണ്ടാകുന്ന ഗുരുത്വ തരംഗങ്ങളുടെ പ്രത്യേകത സൈദ്ധാന്തികമായി പഠിക്കുന്ന മേഖലയിലെ ശ്രദ്ധേയമായ ഗവേഷണങ്ങളാണ് അജിത്തിനെ അവാര്‍ഡിനര്‍ഹനാക്കിയത്.

അജിത് പരമേശ്വരന്‍ അംഗമായശാസ്ത്ര സംഘത്തിന് നേതൃത്വം കൊടുത്തവര്‍ക്കാണ് 2017ലെ ഫിസിക്‌സ് നോബല്‍ പുരസ്‌കാരം ലഭിച്ചത്. മലപ്പുറം ജില്ലയിലെ മേലാറ്റൂര്‍ സ്വദേശിയാണ് അജിത്പരമേശ്വരന്‍. 2015ല്‍ ആദ്യമായി ഗുരുത്വ തരംഗങ്ങളെ കണ്ടെത്തിയപ്പോള്‍ തമോദ്വാരങ്ങളെ ക്കുറിച്ച മനസിലാക്കാന്‍ അജിത്തിന്റെ ഗവേഷണ ഫലങ്ങള്‍ പ്രയോജനപ്പെട്ടിരുന്നു.

Share
അഭിപ്രായം എഴുതാം