ന്യൂഡൽഹി: അസം, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഗുജറാത്ത് എന്നീ നാല് സംസ്ഥാനങ്ങളില്‍ കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പുകള്‍ക്കായി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം 2020 ഡിസംബര്‍ 28, 29 തീയതികളില്‍ രണ്ട് ദിവസത്തെ ഡ്രൈ റണ്‍ നടത്തി.
യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാം (യുഐപി) പുറത്തിറക്കിയതിന്റെയും രാജ്യവ്യാപകമായി മള്‍ട്ടിപ്പിള്‍-റുബെല്ല (എംആര്‍), മുതിര്‍ന്ന ജാപ്പനീസ് എന്‍സെഫലൈറ്റിസ് (ജെഇ) കാമ്പെയ്ന്‍ പോലുള്ള വിവിധതരം പ്രതിരോധ കുത്തിവയ്പ്പുകള്‍ നടത്തുന്നതിന്റെയും അനുഭവത്തിന്റെ പിന്‍ബലത്തില്‍, മുന്‍ഗണനയുള്ള ജനസംഖ്യാ സംഘങ്ങള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതിന് ആവശ്യമായ നടപടികളാണ് സ്വീകരിക്കുന്നത്. ആരോഗ്യ പരിപാലന തൊഴിലാളികള്‍, മുന്‍നിര തൊഴിലാളികള്‍, 50 വയസ്സിനു മുകളിലുള്ളവര്‍ എന്നിവരാണ് മുന്‍ഗണനാപട്ടികയിലുള്ളത്.
കോവിഡ് 19 വാക്‌സിനേഷന്‍ പ്രക്രിയയുടെ ആദ്യാവസാന പരിശോധന ലക്ഷ്യമിട്ടാണ് ഡ്രൈ റണ്‍ നടത്തിയത്. പ്രവര്‍ത്തന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള ആസൂത്രണവും തയ്യാറെടുപ്പുകളും ഇതിലുണ്ട്. കോ-വിന്‍ ആപ്ലിക്കേഷനില്‍ സൗകര്യങ്ങള്‍ ഒരുക്കലും ഉപയോക്താക്കളെ കണ്ടെത്തലും, സെഷന്‍ സൈറ്റ് സൃഷ്ടിക്കല്‍, സൈറ്റുകളുടെ മാപ്പിംഗ്, ആരോഗ്യ പരിപാലന ജീവനക്കാരുടെ (എച്ച്‌സിഡബ്ല്യു) വിവരങ്ങള്‍ അപ്ലോഡ് ചെയ്യല്‍, ജില്ലകളില്‍ വാക്‌സിനുകള്‍ സ്വീകരിക്കുന്നതും വാക്‌സിനേഷന്‍ അനുവദിക്കുന്നതും, സെഷന്‍ ആസൂത്രണം, വാക്‌സിനേഷന്‍ ടീമിനെ വിന്യസിക്കല്‍, സെഷന്‍ സൈറ്റില്‍ സാധനങ്ങള്‍ എത്തിക്കല്‍, വാക്‌സിനേഷന്‍ നടത്തുന്നതിന്റെ മോക്ക് ഡ്രില്‍, ബ്ലോക്ക്-ജില്ല-സംസ്ഥാന തല യോഗങ്ങളിലെ റിപ്പോര്‍ട്ടിങ്, അവലോകനം എന്നിവയെല്ലാം ഡ്രൈ റണ്ണില്‍ ഉള്‍പ്പെട്ടിരുന്നു. ഐടി പ്ലാറ്റ്‌ഫോം കോ-വിന്റെ താഴെത്തട്ടിലുള്ള നിര്‍വഹണം ഉറപ്പുവരുത്തുകയും യഥാര്‍ത്ഥ വാക്‌സിനേഷനുമുമ്പ് കൃത്യമായി സജ്ജീകരിക്കുക എന്നതുമാണ് ഡ്രൈ റണ്ണിന്റെ ലക്ഷ്യം.
വാക്‌സിനേഷന്‍ നടത്തുമ്പോള്‍ എന്തെങ്കിലും പ്രതിസന്ധികള്‍ വരുന്നുണ്ടോ എന്നറിയുന്നതിന് ഡ്രൈ റണ്‍ നടത്തുന്നതിലേക്കായി ജില്ലാ, ബ്ലോക്ക് ദൗത്യസംഘവുമായി ഇടപഴകുന്ന ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിരുന്നു.
ആന്ധ്രാപ്രദേശിലെ കൃഷ്ണ, ഗുജറാത്തിലെ രാജ്‌കോട്ട്, ഗാന്ധിനഗര്‍, ലുധിയാന, പഞ്ചാബിലെ ഷഹീദ് ഭഗത് സിംഗ് നഗര്‍ (നവന്‍ഷഹര്‍), അസമിലെ സോണിത്പൂര്‍, നല്‍ബാരി എന്നീ ജില്ലകളിലാണ് രണ്ട് ദിവസത്തെ ഡ്രൈ റണ്‍ നടത്തിയത്.
ജില്ലാ ഭരണസംവിധാനം വിവിധ ജോലികള്‍ക്കായി പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചിരുന്നു. താല്‍ക്കാലിക ഗുണഭോക്താവിന്റെ ഡാറ്റ അപ്ലോഡ് ചെയ്യല്‍, സെഷന്‍ സൈറ്റ് സൃഷ്ടിക്കല്‍, വാക്‌സിന്‍ വിതരണം, വാക്‌സിനേറ്റര്‍മാര്‍ക്കും ഗുണഭോക്താക്കള്‍ക്കും ആശയവിനിമയം ഉറപ്പാക്കല്‍, ഗുണഭോക്താക്കളെ കണ്ടെത്തല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്.
ഡ്രൈ റണ്ണിന്റെ ആദ്യ ദിവസത്തെ പ്രതികരണം 2020 ഡിസംബര്‍ 29 ന് സംസ്ഥാന, ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ജോയിന്റ് സെക്രട്ടറി (പൊതുജനാരോഗ്യം) അവലോകനം ചെയ്തു. രാജ്യത്തൊട്ടാകെയുള്ള ധാരാളം ആളുകളെ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്ന വാക്‌സിനേഷന്‍ പ്രക്രിയകളുടെ സുതാര്യതയും ഫലപ്രദമായ നിരീക്ഷണവും ഉറപ്പുവരുത്തുന്നതിനായി ഐടി പ്ലാറ്റ്ഫോമിന്റെ പ്രവര്‍ത്തന സമീപനത്തിലും ഉപയോഗത്തിലും എല്ലാ സംസ്ഥാനങ്ങളും സംതൃപ്തി പ്രകടിപ്പിച്ചു. കോ-വിന്‍ പ്ലാറ്റ്ഫോം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി ഐടി പ്ലാറ്റ്ഫോമിലെ കൂടുതല്‍ നിര്‍ദ്ദേശങ്ങളും രേഖപ്പെടുത്തി.
ലഭിച്ച വിശദമായ സ്ഥിതിവിവരക്കണക്കുകളും ഫീഡ്ബാക്കും പ്രവര്‍ത്തന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെയും ഐടി പ്ലാറ്റ്ഫോമിനെയും കരുത്തുറ്റതാക്കാന്‍ സഹായിക്കുകയും കോവിഡ് -19 വാക്‌സിനേഷന്‍ പദ്ധതിയെ ശക്തിപ്പെടുത്തുകയും ചെയ്യും.
ബന്ധപ്പെട്ട രേഖ: https://www.pib.gov.in/PressReleasePage.aspx?PRID=1684408