ന്യൂഡല്‍ഹി: കര്‍ഷകസമരത്തെ പിന്തുണച്ചതിന് പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മോദി. കേരളത്തില്‍ എപിഎംസികളും മണ്ഡികളും ഇല്ലാത്തതെന്തുകൊണ്ടാണെന്നും പ്രധാന മന്ത്രി ചോദിച്ചു. കര്‍ഷകരുടെ പ്രശ്‌നങ്ങളെക്കുറിച്ച് പ്രതിപക്ഷം കളവുകളും ഊഹങ്ങളും പ്രചരിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. കര്‍ഷക സമരത്തിനെതിരായ സര്‍ക്കാര്‍ കാമ്പയിന്റെ ഭാഗമായി രാജ്യത്തെ കര്‍ഷകരെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.
മണ്ഡികളെക്കുറിച്ചും എപിഎംസികളെക്കുറിച്ചും സംസാരിക്കുന്നവര്‍ കേരളത്തേയും പശ്ചിമ ബംഗാളിനേയും നശിപ്പിച്ചവരാണെന്ന് മോദി കുറ്റപ്പെടുത്തി. കേരളത്തില്‍ കാര്‍ഷിക വിപണന കമ്മറ്റികളും ചന്തകളും ഇല്ല. എന്നിട്ടും കേരളത്തില്‍ കര്‍ഷക സമരം ഇല്ലാത്തതെന്തുകൊണ്ടാണ് അവര്‍ ഒരു പ്രസ്ഥാനം ആരംഭിക്കാത്തതെന്തുകൊണ്ടാണ്. പഞ്ചാബിലെ കര്‍ഷകരെ അവര്‍ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നതെന്നും കേരളം ഭരിക്കുന്ന ഇടതുപക്ഷത്തെ വ്യംഗ്യമായി സൂചിപ്പിച്ച് മോദി പറഞ്ഞു.
കേരളം കാലങ്ങളായി ഭരിക്കുന്നവര്‍ സെല്‍ഫികളെടുക്കാന്‍ പഞ്ചാബ് കര്‍ഷകരുമായി ചേരുകയാണ്. സ്വന്തം സംസ്ഥാനത്ത് മണ്ഡികള്‍ കൊണ്ടുവരാന്‍ അവര്‍ ഒന്നും ചെയ്യുന്നില്ല. രാജ്യത്തെ ദരിദ്രരായ 80 ശതമാനം കര്‍ഷകരും മുന്‍ സര്‍ക്കാരുകളുടെ കാലത്ത് കൂടുതല്‍ ദരിദ്രരായതുകൊണ്ടാണ് കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്നതെന്നും മോദി അവകാശപ്പെട്ടു.
രാജ്യമെങ്ങും കര്‍ഷകര്‍ പുതിയ നിയമങ്ങളെ പിന്തുണയ്ക്കുമ്പോള്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുള്ളവര്‍ കര്‍ഷകരുടെ ചുമലിലിരുന്ന് വെടിയുണ്ട ഉതിര്‍ക്കുകയാണെന്ന് മോദി കുറ്റപ്പെടുത്തി. സര്‍ക്കാര്‍ കര്‍ഷകരോട് സംസാരിക്കാന്‍ ഒരുക്കമാണെന്നും കര്‍ഷകര്‍ ആരാലും തെറ്റിധരിപ്പിക്കപ്പെടരുതെന്നും മോദി പറഞ്ഞു.

