പാലക്കാട് : പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി. കുഴൽമന്ദം ഏനമന്ദം സ്വദേശി അനീഷ് (അപ്പു 27) ആണ് കൊല്ലപ്പെട്ടത്. തേങ്കുറിശ്ശിക്ക് സമീപം മാനാംകുളമ്പിലാണ് 25 – 12 – 2020 വെള്ളിയാഴ്ച കൊലപാതകം നടന്നത്. അനീഷിൻറെ ഭാര്യയുടെ അമ്മാമൻ സുരേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. അനീഷിന്റെ ഭാര്യാപിതാവ് പ്രഭു ഒളിവിലാണ്. രണ്ടുപേരും ചേർന്ന് വണ്ടിയിൽ നിന്ന് വാളെടുത്ത് അനിയനെ വെട്ടിവീഴ്ത്തിയത് കണ്ടു എന്ന് അനീഷിന്റെ സഹോദരൻ മൊഴി നൽകി.
സ്ക്കൂൾ കാലം മുതൽ പ്രണയിച്ചിരുന്ന അനീഷും ഹരിതയും മൂന്ന് മാസം മുമ്പാണ് രജിസ്റ്റർ വിവാഹം ചെയ്തത്.
സാമ്പത്തികമായി രണ്ട് തട്ടിൽ ഉള്ളവരായിരുന്നു ഇവർ. പെയിൻറിംഗ് തൊഴിലാളിയായിരുന്നു അനീഷ്, അനീഷിന്റെ ഒപ്പം ജീവിക്കുന്നതിനായി വീടുവിട്ട് വന്ന പെൺകുട്ടിയുടെ വീട്ടുകാർ ഇവരെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു എന്ന ബന്ധുക്കളും നാട്ടുകാരും പറയുന്നു. മൂന്നു മാസം വരെ മാത്രമെ ജീവിക്കുകയുള്ളൂ എന്ന് അവർ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ഭാര്യാ സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു. ഭാര്യ വീട്ടുകാരുടെ ഭീഷണിയെത്തുടർന്ന് അനീഷ് വീട്ടിൽനിന്ന് പുറത്തിറങ്ങിയിരുന്നില്ല. സുഹൃത്ത് അരുണുമൊത്ത് കടയിൽ പോയി തിരിച്ചു വരുന്ന വഴിയാണ് ആക്രമിക്കപ്പെട്ടത്. സംഭവം ദുരഭിമാനക്കൊല ആണെന്ന് പോലീസ് സ്ഥിരീകരിച്ചു.

