കാസര്‍ഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുള്‍ റഹ്മാന്റെ ഹൃദയത്തില്‍ മുറിവേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അതിവേഗം രക്തം വാര്‍ന്നത് ഉടന്‍ മരണം സംഭവിക്കാന്‍ കാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആക്രമണത്തില്‍ ഔഫിന്റെ ഹൃദയധമനിയില്‍ മുറിവേറ്റതാണ് അതിവേഗം രക്തം വാര്‍ന്നു പോകാന്‍ കാരണമായത്. ഒറ്റക്കുത്തില്‍ കത്തി ശ്വാസകോശം തുളച്ച് കയറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊലപാതകത്തിലെ മുഖ്യപ്രതി ഇര്‍ഷാദിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇര്‍ഷാദിനെ ഇന്നലെ രാത്രിയോടെയാണ് പൊലീസ് കാഞ്ഞങ്ങാട് എത്തിച്ചത്. ഇര്‍ഷാദിന്റെ പരിക്ക് ഗുരുതരമല്ലെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട്ടെ ലീഗ് മുന്‍സിപ്പല്‍ സെക്രട്ടറിയാണ് ഇര്‍ഷാദ്.
സംഭവത്തില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാഖിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ മൊഴിയനുസരിച്ച് നാല് പേരാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
ബുധനാഴ്ച (23/12/2020) രാത്രി 10.30 ഓടെയാണ് സംഭവം. ഡി.വൈ.എഫ്.ഐ കല്ലൂരാവി യൂണിറ്റംഗമായ ഔഫിനെയും സുഹൃത്തിനെയും ഒരു സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.