തിരുനന്തപുരം: ഓര്‍ത്തഡോക്സ് യാക്കോബായ സഭാ വിഭാഗങ്ങള്‍ തമ്മിലുളള തര്‍ക്കം പരിഹരിക്കുന്നതിന് മുഖ്യമന്ത്രി നടത്തുന്ന ശ്രമങ്ങളെ ഇതര ക്രിസ്ത്യന്‍ സഭാ മേലദ്ധ്യക്ഷന്മാര് അഭിനന്ദിച്ചു. ഇരുവിഭാഗങ്ങളുമായുളള ആശയവിനിമയം തുടരണമെന്നും. അവര്‍ അഭ്യര്‍ത്ഥിച്ചു. സെമിത്തേരിയില്‍ എല്ലാവര്ക്കും അവകാശം നല്കാന് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതിനും പ്രശനങ്ങള്‍ ഒഴിവാക്കാന്‍ സ്വീകരിക്കു്ന്ന നടപടികള്‍ക്കും ബിഷപ്പുമാര്‍ പിന്തുണ അറിയിക്കുകയും ചെയ്തു.
സഭാ നേതാക്കളുടെ നിര്‍ദ്ദേശങ്ങള്‍ ഗൗരവമായി കണക്കിലെടുക്കുമെന്നും നിയമ വശം പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി. സുപ്രീം കോടതി വിധിയുടെ അടി്സ്ഥാനത്തില്‍ സര്‍ക്കാര്‍ നിലപാടെടുക്കും. സമാധാന ഭംഗം ഉണ്ടാകാന്‍ അനുവദിക്കില്ല. ഇരുവിഭാഗങ്ങളും രഞ്ജിപ്പിലെത്തുക പ്രധാനമാണ്. അതിനാണ് സര്‍ക്കാര്‍ തുടര്‍ച്ചയായി ശ്രമിക്കുന്നത്. ആശയവിനിമയം തുടരും. അതോടൊപ്പം ഇതര സഭാദ്ധ്യക്ഷന്മാര് ഇരുവിഭാഗങ്ങളുമായി ചര്‍ച്ച നടത്തണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമീസ്, ബിഷപ്പ് ജോസഫ് കരിയില്‍, ഡോ. തിയോഡോസിയസ് മാര്‍ത്തോമാ മെത്രാപോലീത്ത, ബിഷഫ് റൈറ്റ് റവറന്റ് ഡോ.ഉമ്മന്‍ ജോര്‍ജ് ,സിറില്‍മാര്‍ ബസേലിയോസ് മെത്രാപോലീത്ത, ബിഷപ്പ് ഓജിന്മാര് കുരിയാക്കോസ്, മാര്‍ സേവറിയോസ് കുര്യാക്കോസ്, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ആരാധനാലയങ്ങലില്‍ ഭൂരിപക്ഷാഭിപ്രായം മാനിച്ചുളള സംവിധാനം ഉണ്ടാക്കണം, പൊതുയോഗത്തിലൂടെ നിര്‍ണ്ണയിക്കപ്പെടുന്ന ഭൂരിപക്ഷത്തിന് പളളിയും സ്വത്തുക്കളും വിട്ടുകൊടുക്കണം, ഇടവകയിലെ ന്യൂന പക്ഷത്തിന് ഭൂരിപക്ഷത്തിന്റെ സഹകരണത്തോടെ ആരാധന നടത്താന്‍ സാഹചര്യമുണ്ടാക്കണം, സമയക്രമം പാലിച്ച് ആരാധന നടത്തുകയോ സമീപത്ത് മറ്റൊരു ദേവാലയം ന്യൂന പക്ഷത്തിന് പണിയുകയോ ചെയ്യുന്നതിനുളള പിന്തുണ ഭൂരിപക്ഷം നല്‍കണം. ഏതെങ്കിലും ഒരു ദേവാലയം ഒരു വിഭാഗത്തിന് വിട്ടുകൊടുത്താല്‍ വിശേഷ ദിവസങ്ങളില്‍ ഇതര വിഭാഗത്തിനും അവിടെ പ്രാര്‍ത്ഥന നടത്താന്‍ കഴിയണം, ഇരുവിഭാഗത്തിനും സെമിത്തേരി ഉപയോഗിക്കാനും പ്രാര്‍ത്ഥിക്കാനും കഴിയണം, വിട്ടുവീഴീഴ്ചയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കണം ഇത്തരം നിര്‍ദ്ദേശങ്ങളാണ് ഇതര സഭാ വിഭാഗങ്ങള്‍ മുന്നോട്ടുവച്ചത്.

